
തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. പ്രതിയായ 17കാരന്റെ കാമുകി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന മൊഴികളാണ് പൊലീസിന് ലഭിച്ചത്. പ്രതികളുടെ ചില സുഹൃത്തുക്കളാണ് ഇക്കാര്യം മൊഴി നൽകിയതെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് പ്രതികൾ സംശയിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇതിന്റെ തുടർച്ചയായാണ് അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയും 17കാരനും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. അറസ്റ്റിലായ ഉമറിന്റെ കാമുകി ഐശ്വര്യയോടും പൊലീസ് ഇക്കാര്യത്തിൽ വ്യക്തത തേടിയിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആനന്ദയെയും 17കാരനെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെ, കേസിൽ മുഖ്യപ്രതിയായ ഉമറിന്റെ കാമുകി ഐശ്വര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം.
കൊലപാതകം നടത്താൻ പാങ്ങപ്പാറയിലേക്ക് പോകുന്നതിന് മുമ്പ് ഉമർ ഐശ്വര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചശേഷം ഫോൺ വീട്ടിൽവെച്ചുപോയതായും പൊലീസ് പറയുന്നു. കൊലപാതകസമയത്ത് തന്റെ സാന്നിധ്യം പുറത്തറിയാതിരിക്കാനാണ് ഉമറും ഐശ്വര്യയും ചേർന്ന് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 17കാരൻ, കാമുകി ആനന്ദ, സുഹൃത്തും ഗുണ്ടയുമായ ഉമർ എന്നിവരാണ് നേരത്തെ കേസിൽ റിമാൻഡിലായത്. ഇപ്പോൾ ഐശ്വര്യയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.