അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് കാനനപാത വഴിയുള്ള രാത്രി യാത്രാ നിരോധനം ഇത്തവണയും തുടരുമെന്ന് വനംവകുപ്പ്



എരുമേലി: ശബരിമലയിലേക്ക് അയ്യപ്പഭക്തർ എരുമേലിയില്‍നിന്നു വനത്തിലൂടെ നടന്നുപോകുന്ന കാനനപാതയില്‍ യാത്രാ നിയന്ത്രണ വിലക്ക് പഴയതുപോലെ തുടരുമെന്ന് വനംവകുപ്പ്.

രാവിലെ ആറുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് യാത്രയ്ക്ക് മുൻ വർഷം നല്‍കിയ അനുമതി. രാത്രി യാത്രാ നിരോധനം ഇത്തവണയും തുടരുകയാണ്. ഇത് മാറ്റി ഇളവുകള്‍ മുഴുവൻ സമയ യാത്രാ അനുമതി, രാത്രിയില്‍ നിരോധനം ഒഴിവാക്കല്‍ അടക്കം പുതിയ തീരുമാനം സർക്കാർ നല്‍കിയിട്ടില്ലെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

*ശബരിമല സന്നിധാനത്ത് ഒരു ദിവസം നിശ്ചിത ഭക്തരെ മാത്രമേ അനുവദിക്കുന്നുള്ളൂ. ഈ കണക്ക് പ്രകാരം കാനനപാതയില്‍ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതാണ് മുൻ വർഷം പ്രശ്നമുണ്ടായത്. വിർച്വല്‍ ക്യൂ ബുക്കിംഗ് ചെയ്തവരും അല്ലാത്തവരുമടക്കം നിരവധി പേർ വരുമ്പോള്‍ ബുക്ക് ചെയ്തവരെ കണ്ടെത്തി കടത്തിവിടുകയെന്നത് പ്രായോഗികമായി സങ്കീർണമാണ്. കാനനപാതയുടെ തുടക്കത്തില്‍ പാസുള്ള ഭക്തരെ മാത്രം കടത്തിവിടാനുള്ള നിയന്ത്രണമായിട്ടില്ല. രാത്രിയില്‍ യാത്ര അനുവദിച്ചാല്‍ സുരക്ഷ ഉറപ്പാക്കാനുള്ള സുസജ്ജമായ വനപാലക ഫോഴ്സിനെ അനുവദിക്കണമെന്നാണ് വനം വകുപ്പില്‍ നിന്നുയരുന്ന ആവശ്യം. ആരോഗ്യ വകുപ്പിന്റെ ഓക്സിജൻ പാർലർ മൂന്നെണ്ണം കോയിക്കക്കാവ് മുതല്‍ കാളകെട്ടി വരെ മൂന്ന് പോയിന്റുകളില്‍ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതിന്റെ പ്രവർത്തനം പകല്‍സമയം മാത്രമായിരുന്നു. രാത്രിയാത്രാ അനുമതി ആയാല്‍ രാത്രിയില്‍ ഡ്യൂട്ടിക്ക് ആരോഗ്യവകുപ്പില്‍നിന്ന് ജീവനക്കാരെ നിയോഗിക്കേണ്ടതുണ്ട്.

എരുമേലിയില്‍ കോയിക്കക്കാവില്‍നിന്നാണ് വനപാത തുടങ്ങുന്നത്. തുടർന്ന് കാളകെട്ടി ക്ഷേത്രത്തിലാണ് വിശ്രമ സൗകര്യം. ഇതിന് തൊട്ടടുത്ത് അഴുത നടപ്പാലം വരെയാണ് എരുമേലി ഫോറസ്റ്റ് പരിധി. തുടർന്ന് പമ്പ ഫോറസ്റ്റ് റേഞ്ചിലാണ് പാത.
أحدث أقدم