ശ്രീകാര്യം പാങ്ങാപ്പാറയിൽ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. കൊലപാതകം നടന്ന സമയത്ത് ഇരുവരും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.

കൃത്യം നടന്ന സ്ഥലത്തുനിന്ന് ഫൊറൻസിക് സംഘം ശേഖരിച്ച മണ്ണിന്റെയും ഇലകളുടെയും അവശിഷ്ടങ്ങൾക്ക് സമാനമായവ ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത വസ്ത്രങ്ങളിലും കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാന്റ്‌സ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പൊലീസ് വീണ്ടെടുത്തത്.


കൊലപാതകസമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്നതായി കരുതുന്ന പാന്റ്‌സിലാണ് പ്രത്യേക പരിശോധന നടത്തിയത്. അഭിരാമുമായുള്ള മൽപിടിത്തത്തിനിടെ വസ്ത്രത്തിൽ പുരണ്ട മണ്ണ്, ഇലകൾ, ചെടികളുടെ പൂക്കളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാമ്പിളുകളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

കൊലപാതകം നടന്ന സ്ഥലത്ത് ഇന്നലെ നടത്തിയ വിശദമായ പരിശോധനയിലും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. അതേസമയം, രണ്ടാം പ്രതിയായ ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്. പ്രതികൾ ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷമാണോ കൊലപാതകം നടത്തിയതെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.

അഭിരാമിനെക്കൊണ്ട് സുഹൃത്തിനെ ഫോണിൽ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ അഭിരാം ഒരുതവണ മാത്രമാണ് വിളിച്ചത്. സുഹൃത്ത് വരാൻ കഴിയില്ലെന്ന് അറിയിച്ചതോടെ വീണ്ടും വിളിക്കാൻ പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വഴങ്ങാതെ അഭിരാം അവിടെനിന്ന് പോകാൻ ശ്രമിച്ചതോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.


രണ്ടാം പ്രതി ഉമർ ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്ത് മുറുക്കിയെന്നും ഒന്നാം പ്രതി കഴുത്തിൽ ഞെക്കിയെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് പൊലീസ്.