സ്വർണാഭരണങ്ങളുടെ അതേ ഡിസൈൻ മുക്കുപണ്ടം… വീട്ടുജോലിക്കാരി പിടിയിൽ



കണ്ണൂർ: മണിക്കടവിൽ ജോലിക്കുനിന്ന വീട്ടിൽ നിന്ന് 31 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയായ 50കാരി അറസ്റ്റിൽ. വയനാട് പെരിയ സ്വദേശി ഉച്ചപ്പള്ളി പ്രേമയെയാണ് ഉളിക്കൽ പൊലീസ് പിടികൂടിയത്. ന്യായപ്പള്ളി ഈപ്പന്റെ വീട്ടിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഈപ്പന്റെ മകൾ നിമ്മി നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈപ്പനെയും ഭാര്യയെയും പരിചരിക്കുന്നതിനായി മൂന്ന് വർഷം മുൻപാണ് പ്രേമ വീട്ടിൽ ജോലിക്കെത്തിയത്.

ഭാര്യയുടെ മരണശേഷം ഈപ്പൻ മകൾക്കൊപ്പം കുറച്ചുകാലം ബെംഗളൂരുവിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ എടുത്തുമാറ്റി പകരം അതേ ഡിസൈനിലുള്ള മുക്കുപണ്ടങ്ങൾ വയ്ക്കുകയായിരുന്നു. മാല, വള, നെക്ലസ്, മോതിരം, ലോക്കറ്റ്, പാദസരം തുടങ്ങിയ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വീട്ടുകാർ നാട്ടിലെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. കേസിൽ നിർണായകമായത് പ്രതിയുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ്. യഥാർഥ സ്വർണാഭരണങ്ങളുടെയും അവയ്ക്ക് സമാനമായ മുക്കുപണ്ടങ്ങളുടെയും ചിത്രങ്ങൾ പ്രതി ഫോണിൽ സൂക്ഷിച്ചിരുന്നു.


മോഷണവിവരം അറിഞ്ഞ വീട്ടുകാർ പ്രതിയോട് സംശയം തോന്നാത്തവിധം പെരുമാറുകയും ഫോൺ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഈ ചിത്രങ്ങൾ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ പി.വി. രാജേഷ്, ടി.ജെ. ഷിജിമോൾ, കെ.കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

أحدث أقدم