വെമ്പായം കന്യാകുളങ്ങരയിൽ പോലീസുകാരന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച









വെമ്പായം കന്യാകുളങ്ങരയിൽ പോലീസുകാരന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്. രാവിലെ 8.30-നും വൈകുന്നേരം 3.30-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പതിവുപോലെ രാവിലെ വീട് പൂട്ടിയ ശേഷം ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും മൂന്ന് കുട്ടികൾ സ്കൂളിലും പോയ സമയത്തായിരുന്നു കവർച്ച. വൈകുന്നേരം 3.30-ഓടെ ജസ്നാദിന്റെ ഭാര്യയും കുട്ടികളും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്.

ഉടൻതന്നെ ഇവർ ജസ്നാദിനെയും നാട്ടുകാരെയും വെഞ്ഞാറമൂട് പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീടിനകത്തെ സാധനസാമഗ്രികളെല്ലാം മോഷ്ടാക്കൾ വാരിവലിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി ശാസ്ത്രീയ പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെഞ്ഞാറമൂട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
أحدث أقدم