കൊച്ചി : ട്രെയിനിൽ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഉണ്ടായ തർക്കം ജീവനെടുക്കാൻ ശ്രമിക്കുന്നതിലേക്ക് വഴിമാറി.
ജനശതാബ്ദി എക്സ്പ്രസിൽ നിന്ന് ടിടിഇയെ പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ബാബു കെ.ഡി., ശ്രീരാജ് എന്നിവരാണ് പിടിയിലായത്.
ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് ടിടിഇയുടെ മൊഴി. എന്നാൽ തർക്കത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തർക്കത്തിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടപ്പെട്ട ടിടിഇ വാതിലിൽ പിടിച്ചുതൂങ്ങിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ടിടിഇ അപകടകരമായ നിലയിൽ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ട്രെയിൻ മാനേജർ ഉടൻ എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തി. ഇതോടെ വൻ ദുരന്തം ഒഴിവായി.
ട്രെയിൻ നിർത്തിയതോടെ ഇരുവരും ട്രാക്കിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു.
ട്രെയിനിലെ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തുന്നതാണ് സംഭവം.