മന്ത്രിസഭയിലെ തർക്കങ്ങൾ സ്വാഭാവികം… ഇത് വിധേയരുടെ ക്യാബിനറ്റല്ലെന്ന്…





ദില്ലി: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനം ഉന്നയിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്നും മന്ത്രിസഭയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വിധേയരുടെ ക്യാബിനറ്റല്ലെന്നും പിണറായി വിജയന്റെ കാലത്തെപ്പോലെയുള്ള ക്യാബിനറ്റല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ ബില്ലാണ് മന്ത്രിസഭാ യോഗത്തിൽ പ്രധാനമായും ചർച്ചയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്റെ ഭരണകാലത്ത് എത്രത്തോളം ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും തർക്കങ്ങളും ഉണ്ടായെങ്കിലും എല്ലാ വിഷയങ്ങളിലും തീരുമാനത്തിലെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെ തള്ളിപ്പറയില്ലെന്നും അവരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ടും ജിഎൻഎ കരാറുമായി ബന്ധപ്പെട്ടും പുറത്തുവന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന വാർത്ത തെറ്റാണ്. ജിഎൻഎ കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങിയെന്ന വാർത്തയും ശരിയല്ലെന്നും കരാർ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനിടെ നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രിയദർശിനി പദ്ധതിയും വയോജന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിയെക്കുറിച്ച് പഠനം നടത്തിയെന്നും മിഷൻ സമുദ്രയ്ക്കായി നിയമനടപടികൾ സ്വീകരിച്ചെന്നും പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് പരമാവധി സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതി ഡിസംബറിൽ ആരംഭിക്കും. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും വലിയ സർവകലാശാലകളെ കേരളത്തിലേക്ക് എത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുദിവസത്തിനുള്ളിൽ 588 പദ്ധതികൾ പ്രഖ്യാപിച്ചതായും ഇതിൽ 568 എണ്ണം നടപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
أحدث أقدم