
ആലപ്പുഴ: കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കോൺഗ്രസിൽ ഒരാൾക്ക് പാർട്ടിയിൽ ചേരാനാകില്ലെന്നും ഏതെങ്കിലും ഗ്രൂപ്പിൽ മാത്രമേ ചേരാൻ കഴിയൂ എന്നുമായിരുന്നു പരിഹാസം. മുസ്ലിം ലീഗിന്റെ കരുത്ത് ഒറ്റ പാർട്ടിയും ഒരു നേതാവുമാണെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നടന്ന മുസ്ലിം ലീഗ് പ്രവർത്തക ക്യാമ്പിലായിരുന്നു സലാമിന്റെ പരാമർശം.
“ഒരാൾക്ക് ഒരു പാർട്ടിയിലേക്ക് ചെല്ലാൻ പറ്റുമോ? ഏതെങ്കിലും ഒരു ഗ്രൂപ്പിലേക്കല്ലേ ചെല്ലാൻ പറ്റൂ. നമ്മുടെ പാർട്ടിയിൽ അങ്ങനെയാണോ? കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഗ്രൂപ്പ് വേറെ, തങ്ങളുടെ ഗ്രൂപ്പ് വേറെ എന്നുണ്ടോ? ഒറ്റ മുസ്ലിം ലീഗ്, ഒരു നേതാവ് – തങ്ങൾ. ഈ സംവിധാനം മുസ്ലിം ലീഗിന് മാത്രമേയുള്ളൂ”, പി.എം.എ. സലാം പറഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെയും അദ്ദേഹം വിമർശിച്ചു. ഒരുകാലത്ത് കേരളം മുഴുവൻ സ്വാധീനമുണ്ടായിരുന്ന വലിയ രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടമാണെന്നും സലാം പരിഹസിച്ചു. 102 സീറ്റുകൾ ലഭിച്ചതിന് പിന്നിൽ ഇടതുപക്ഷത്തെ നിരവധി ആളുകളുടെ വോട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭരണത്തിലിരിക്കുമ്പോൾ ലഭിക്കുന്ന അവസരങ്ങളും ജോലികളും അർഹതയുള്ളവർക്ക് നൽകണമെന്നും വ്യക്തിപരമായ അടുപ്പത്തിന്റെ പേരിൽ നിയമനങ്ങൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തലത്തിൽ ചർച്ച നടത്തി വിദ്യാഭ്യാസ യോഗ്യതയും അർഹതയും പരിശോധിച്ചായിരിക്കണം ഇത്തരം തീരുമാനങ്ങളെടുക്കേണ്ടതെന്നും സലാം കൂട്ടിച്ചേർത്തു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ആളുകൾ മുസ്ലിം ലീഗിലേക്ക് വരണമെന്നും വിശ്വസിക്കാനും ഒപ്പം നിൽക്കാനും കഴിയുന്ന രാഷ്ട്രീയ പാർട്ടിയായി ലീഗിനെ കേരളം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.