കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പ്രവാസികൾ മരിച്ചു




കുവൈത്തിലെ സുപ്രധാന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് ഇറ്റാലിയൻ പൗരന്മാർ മരണത്തിന് കീഴടങ്ങി. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്വാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് കുവൈത്തിന്റെ വ്യോമാതിർത്തിയിൽ നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തിയത്. ഇവയെ പ്രതിരോധിക്കാൻ സൈന്യം നടപടി സ്വീകരിക്കുന്നതിനിടെ സുപ്രധാന കേന്ദ്രത്തിന് സമീപം അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർക്കും ഒരു കുവൈത്ത് സ്വദേശിക്കും ഒരു പാക്കിസ്ഥാൻ പൗരനും പരുക്കേറ്റിരുന്നു.

നാലുപേരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കേറ്റ രണ്ട് ഇറ്റാലിയൻ പൗരന്മാരുടെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ലക്ഷ്യമിട്ട കേന്ദ്രത്തിന് ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചതായി അധികൃതർ അറിയിച്ചു. ഇറ്റാലിയൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റൽ ഇറ്റാലിയയിൽ ജോലി ചെയ്തിരുന്ന സാങ്കേതിക വിദഗ്ധരാണ് മരിച്ചത്. കുവൈത്തിലെ വ്യോമപ്രതിരോധ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു ഇവരുടെ ജോലി. സംഭവത്തിന് പിന്നിൽ ഇറാനാണെന്നാണ് കുവൈത്തിന്റെയും ഇറ്റലിയുടെയും ആരോപണം. എന്നാൽ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്

أحدث أقدم