വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്… അന്തിമ റിപ്പോർട്ട് ഉടനെന്ന് സർക്കാർ…


        

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റാന്നി, പുൽപ്പള്ളി യൂണിയനുകളുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പൂർത്തിയായതായും സർക്കാർ വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിന് ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കുക.

നിലവിൽ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കോടതികളിലുള്ള കേസുകളുമായി ബന്ധപ്പെട്ട രേഖകൾ കൊല്ലം കോടതിയിലേക്ക് മാറ്റാനും ഹൈക്കോടതി നിർദേശം നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ രേഖകൾ കൈമാറണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നബാർഡ് പിന്നാക്ക വികസന കോർപ്പറേഷൻ വഴി അനുവദിച്ച ഗ്രാന്റിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം. പദ്ധതിയുടെ ഭാഗമായി ലഭിച്ച തുകയിൽ അമിത പലിശ ഈടാക്കി സാമ്പത്തിക ക്രമക്കേട് നടത്തുകയും സർക്കാരിനെ വഞ്ചിക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ
أحدث أقدم