പനാജി : രണ്‍ബീര്‍ കപൂര്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘രാമായണ്’ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ BRICS വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
സിനിമയ്ക്കെതിരെ വിഎച്ച്പി പ്രതിഷേധവുമായി രംഗത്തെത്തിയ വിവാദങ്ങള്‍ക്കിടെയാണ് രാമായണത്തിന്റെ പ്രദര്‍ശനം. അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ രാമായണത്തിന്റെ ആദ്യ പ്രദര്‍ശനം കൂടിയാണിത്.
വസ്തുതകള്‍ വളച്ചൊടിച്ച് കെട്ടിച്ചമച്ച സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് ചിത്രത്തിനെതിരെ വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്റംഗ് ലാല്‍ ബഗ്ര ഉന്നയിച്ച ആരോപണം. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നായിരുന്നു ആവശ്യം.
*ഇതിഹാസത്തെ വികൃതമാക്കാനും മതവികാരം വ്രണപ്പെടുത്താനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് ബജ്റംഗ് ലാല്‍ ബഗ്ര പറഞ്ഞു. വാത്മീകി രാമായണത്തിലെ പലഭാഗങ്ങളും ചിത്രത്തില്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അഹല്യാ മോക്ഷം, നിഷാദ രാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി എന്നിവ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ലെന്നും ബഗ്ര ചൂണ്ടിക്കാട്ടി.
സമൂഹത്തിന്റെ ശത്രുക്കളായ രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ശ്രീരാമന്റെ മഹത്തായ ദൗത്യം. ഈ രാക്ഷസന്മാര് മുനിമാരുടെയും സന്യാസിമാരുടെയും ആത്മീയ സാധനകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ ദൗത്യത്തെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരമായുള്ള വ്യക്തിപരമായ പോരാട്ടമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് – ബഗ്ര ചൂണ്ടിക്കാട്ടി.