ഐപിഎൽ: ബാംഗ്ലൂർ പുറത്ത്



ഐ പി എല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് അടുത്ത ഘട്ടത്തിലേയ്ക്ക് മുന്നേറി. ബാംഗ്ലൂർ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് നേടി. തോൽവിയോടെ ബാംഗ്ലൂർ ടൂർണമെൻ്റിൽ നിന്ന് പുറത്തായി. രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹിയാണ് ഹൈദരാബാദിൻ്റെ എതിരാളികൾ.

സ്കോർ:
ബാംഗ്ലൂർ 131/7 (20)
ഹൈദരാബാദ് 132/4 (19.4 )

ടോസ് നേടി ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ച ഹൈദരാബാദ് പ്രതീക്ഷിച്ച വഴിയ്ക്കാണ് കാര്യങ്ങൾ തുടങ്ങിയത്. ഓപ്പണറായി ഇറങ്ങിയ നായകൻ വിരാട് കോഹ്ലിയാണ് ആദ്യം പുറത്തായത്. പിന്നാലെ ദേവദത്ത് പടിക്കലും വീണു. ഹോൾഡറാണ് ഇരുവരെയും മടക്കിയത്. പിന്നീട് ഫിഞ്ചും എ ബി ഡിവില്ലിയേഴ്സും ചേർന്ന് സ്കോർ മുന്നോട്ട് നീക്കി. ഫിഞ്ച് 32(30) വീണതോടെ എ ബി ഡിവില്ലിയേഴ്സിൻ്റെ ചുമലിലായി ഉത്തരവാദിത്വം. ഒരറ്റത്ത് വിക്കറ്റുകൾ വീണിട്ടും ഡിവില്ലിയേഴ്സ് പൊരുതി. എ ബി ഡിയും 56(43) പുറത്തായതോടെ ബാംഗ്ലൂർ ചെറിയ സ്കോറിൽ ഒതുങ്ങി. ഹൈദരാബാദിനായി ഹോൾഡർ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിൻ്റെ തുടക്കം പിഴച്ചു. ഗോസ്വാമി പുറത്ത്! ക്യാപ്റ്റൻ വാർനർ (17) പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. സ്കോർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ മനീഷ് പാണ്ഡെയും 24 (21) പിന്നീട് ഗാർഗും പുറത്തായതോടെ ഹൈദരാബാദ് സമ്മർദ്ദത്തിലായി. എന്നാൽ പിന്നീട് ഒത്തുചേർന്ന വില്യംസൺ-ഹോൾഡർ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ രക്ഷിച്ചത്. ബാംഗ്ലൂർ ബൗളർമാരെ ക്ഷമയോടെ നേരിട്ട ഇരുവരും ചേർന്ന് രണ്ട് ബോൾ ബാക്കിനിൽക്കെ ടീമിനെ വിജയത്തിലെത്തിച്ചു. വില്യംസൺ 50(44) റൺസും ഹോൾഡർ 24(20) റൺസുമെടുത്തു.

أحدث أقدم