കണ്ണൂർ: തളിപ്പറമ്പ് കോടതിക്ക് സമീപം വീടിന് മുന്നിൽ നിർത്തിയിട്ട കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പുലർച്ചെ 12.45 ഓടെയാണ് സംഭവം. ഞാറ്റുവയലിൽ മസ്ന ഇംപോർട്ട് എന്ന സ്ഥാപനം നടത്തുന്ന ആലിയുടെ വീടിനു മുന്നിലുണ്ടായിരുന്ന 17 ലക്ഷം രൂപയുടെ ഹ്യുണ്ടായി കാറിനാണ് അജ്ഞാതർ തീയിട്ടത്.
ഇലക്ട്രോണിക്സ് സംവിധാനമുള്ള വീടിന്‍റെ മുൻവശത്തെ ഗേറ്റ് തകർത്ത് രണ്ട് പേർ ഉള്ളിൽ കടന്നു. ടർപന്‍റൈൻ ഉപയോഗിച്ച് കാറിന് തീയിട്ടു. സംഭവസമയത്ത് ആലിയും മകളും , മരുമകനും വീട്ടിലുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടുകാരാണ് കാറിന് തീപിടിച്ചത് ആദ്യം കണ്ടത്. ഇവർ ഫോണ്‍ ചെയ്ത് വിവരമറിയിച്ചതിനെ തുടർന്ന് ആലി വീടിന് പുറത്ത് എത്തിയപ്പോഴേക്കും തീ ആളി പടർന്നിരുന്നു.
തളിപ്പറമ്പ് പൊലീസും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. രണ്ട് പേർ ബൈക്കിൽ കയറി രക്ഷപ്പെടുന്നത് കണ്ടെന്ന് അടുത്ത വീട്ടുകാർ പറഞ്ഞു. കാലിയായ ടർപന്‍റൈൻ കുപ്പിയും തീപ്പെട്ടിയും സമീപത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.