പി എസ് സി പൊതുപ്രാഥമിക പരീക്ഷ 20 മുതൽ

തിരു.: പി എസ് സിയുടെ എസ്. എസ്. എല്‍. സി. ലെവല്‍ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാര്‍ച്ച്‌ 6, 13 തീയതികളില്‍ നാല് ഘട്ടങ്ങളായി നടത്തുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു.
       ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും അവരവര്‍ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ളതിനാലും പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലും പരീക്ഷാ കേന്ദ്രമാറ്റത്തിനുള്ള അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
       ഓരോ ഘട്ടത്തിലും അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അതാത് ഘട്ടങ്ങളില്‍ പരീക്ഷയെഴുതേണ്ടതാണ്. മറ്റ് ഘട്ടങ്ങളിലേക്കും യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
       പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം പ്രായമായവര്‍, കൊച്ചു കുഞ്ഞുങ്ങള്‍ എന്നിവര്‍ യാതൊരു കാരണവശാലും എത്തുവാന്‍ പാടില്ല. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനായി കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പില്‍ നിന്നുള്ള അനുമതി പത്രം എന്നിവ സഹിതം അതാത് ജില്ലാ ഓഫീസര്‍മാര്‍ക്ക് (തിരുവനന്തപുരം ജില്ല ഒഴികെ) മുന്‍കൂട്ടി അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതാണ്.
       തിരുവനന്തപുരം ജില്ലയില്‍ പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ jointce.psc@kerala.gov.in എന്ന ഇ.മെയില്‍ ഐഡിയില്‍ അപേക്ഷ നല്‍കണ്ടതാണ്. ക്വാറന്റെയിനിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക റൂമുകളില്‍ മാത്രം ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്. ഇതിനായി ചീഫ് സൂപ്രണ്ടിന് അപേക്ഷ നല്‍കേണ്ടതാണ്.


Previous Post Next Post