ഉള്ളിവില റെക്കോര്‍ഡിലേക്ക് രണ്ട് ദിവസത്തിനിടെ വില ഉയര്‍ന്നത്‌ ക്വിൻറലിന് 970ല്‍ നിന്ന് 4500 രൂപയിലേക്ക്


മുംബൈ: രാജ്യത്ത് വീണ്ടും ഉള്ളിവില റെക്കോര്‍ഡിലേക്കുയരുന്നു. മഹാരാഷ്ട്രയില്‍ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില രണ്ട് ദിവസത്തിനിടയില്‍ 4500 രൂപയായി വര്‍ദ്ധിച്ചു. വരും ദിവസങ്ങളില്‍ ഉള്ളിവില കുതിച്ചുയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച്ച 3600 ആയിരുന്നു ക്വിന്റലിന് വില. കൂടുതല്‍ മഴലഭിച്ചതാണ് ഒരുടവേളയ്ക്ക് ശേഷം വീണ്ടും ഉള്ളിവില കൂടാന്‍ ഇടയായതെന്നാണ് കരുതുന്നത്. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും കര്‍ഷകര്‍ പറയുന്നുണ്ട്.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ലസല്‍ഗോണ്‍ മണ്ടിയിലാണ് ഒരിടവേളയ്ക്ക് ശേഷം ഉള്ളിവില റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. അതേസമയം ഈ വില വര്‍ധന അധികം സമയം നീണ്ടുപോകില്ലെന്നാണ് മഹാരാഷ്ട്രയിലെ ചില വ്യാപാരികളുടെ അഭിപ്രായം. മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ ചില മേഖലകളില്‍ നിന്നും ഉള്ളി വിപണിയിലെത്തുന്നതോടെ നാസികില്‍ ഉള്ളിവിലയിലുണ്ടായിരിക്കുന്ന വര്‍ധനവ് താനേ കുറയുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

ഉള്ളിവില ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ 2019ന്റേതിന് സമാനമായ നിലയിലേക്ക് വിലവര്‍ദ്ധനവുയര്‍ന്നേക്കാവുന്ന സാഹചര്യമാണുള്ളത്. മഹാരാഷ്ട്രയില്‍ പ്രളയത്തെ തുടര്‍ന്നായിരുന്നു അന്ന് ഉള്ളി വില റെക്കോര്‍ഡിലെത്തിയത്. ഇത് തടയുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വകരിച്ചിരുന്നെങ്കില്‍ അതിന് നന്നായി പണിപ്പെടേണ്ടതായി വന്നിരുന്നു.

നിലവില്‍ രാജ്യത്ത് പെട്രോള്‍, പാചകവാതക വില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉള്ളിവിലയില്‍ കൂടി വര്‍ദ്ധനവുണ്ടായാല്‍ അത് കുടുംബ ബജറ്റിനെ തന്നേ താളം തെറ്റിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്‌.
أحدث أقدم