മാണി സി കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അച്ചടക്ക ലംഘനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
‘ കാപ്പന്‍ സ്വയം അച്ചടക്ക നടപടികള്‍ വിളിച്ചു വരുത്തുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി വിരുദ്ധ നിലപാട് പീതാംബരന്‍ മാസ്റ്ററുമായി സംസാരിച്ച് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്,’ എകെ ശശീന്ദ്രന്‍ പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഘടകക്ഷിയാവാനുള്ള കാപ്പന്റെ നീക്കത്തോടാണ് നേതൃത്വത്തിന്റെ പ്രതികരണം.
എന്‍സിപിയിലെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാര്‍ട്ടി യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുമെന്നും തന്നോടൊപ്പം എന്‍സിപിയിലെ 11 ഭാരവാഹികള്‍ കൂടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാള്‍ക്ക് ഒരു നീതി, മറ്റൊരാള്‍ക്ക് വേറൊരു രീതി എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചത് യുഡിഎഫ് വിട്ടതിന് ശേഷമാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. പറയുന്നതില്‍ നീതി വേണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
യുഡിഎഫില്‍ താന്‍ എത്തിപ്പെടുന്നത് ഗുണം ചെയ്യുമന്ന് പ്രതീക്ഷിക്കുന്നതായും കാപ്പന്‍ പറഞ്ഞുവെച്ചു. പാലയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ജനങ്ങളുടെ കോടതിയില്‍ വ്യക്തമായ മറുപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.