റോഡ്സുരക്ഷ സ്ക്കൂൾ തലം തൊട്ട് ബോധവൽക്കരണം തുടർ പരിപാടിയാക്കണമെന്ന് റാഫ്


പാമ്പാടി : യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണോടിക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താതെയും സമ്പത്തിക ലക്ഷ്യം മുൻനിർത്തിയുള്ള നിയമനിർമ്മാണങ്ങളെ കൊണ്ടു മാത്രം റോഡപകടങ്ങൾ ഇല്ലാതാക്കാനാവില്ലെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെഎം.അബ്ദു അഭിപ്രായപ്പെട്ടു. റോഡുസുരക്ഷ ബോധവൽക്കരണം ഒരു തുടർ പരിപാടിയായി നിലനിർത്തുകയും റോഡ് സേഫ്ടി അഥോറിറ്റി കൂടുതൽ ജനപങ്കാളിത്തത്തോടെ കാര്യക്ഷമമാക്കുകയും ചെയ്യുകയാണ് വേണ്ടത്. അധ്യാപകരിലൂടെ വിദ്യാർത്ഥികൾക്കെന്ന പോലെ വീട്ടമ്മമാരിലൂടെ പൊതു സമൂഹത്തിനും വ്യക്തമായ സന്ദേശങ്ങളും നൽകാനാകണമെന്നദ്ദേഹം നിർദ്ദേശിച്ചു. റോഡുസുരക്ഷാ വർഷാചരണത്തിൻ്റെ ഭാഗമായി പോലീസ്‌, മോട്ടോർ വാഹന വകുപ്പ് എന്നിവരുമായി ചേർന്ന് റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി വ്യാപാരഭവനിൽ സംഘടിപ്പിച്ച റോഡുസുരക്ഷ ജീവകാരുണ്യ പ്രവർത്തക സംഗമവും മാതൃകാ ഡ്രൈവർമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് ജില്ലാ പ്രസിഡണ്ട് നിസ്സാർ പാമ്പാടി ആധ്യക്ഷം വഹിച്ചു. റിട്ട. പോലീസ് സൂപ്രണ്ട് പിസി. ഫിലിപ്പ് ഐഡൻ്റിറ്റി കാർഡ് വിതരണം ചെയ്തു. മാതൃകാ ഡ്രൈവർമാരായ കെഎം.കോശി, ജോൺസൺ, നാരായണൻ നായർ, കെ.ശിവദാസൻ എന്നിവരെ ജോയിൻ്റ് ആർടിഒ. റോയി തോമസ് പൊന്നാടയണിയിച്ച് ആദരിച്ചു. പാമ്പാടി പോലീസു സബ്ബ് ഇൻസ്പെക്ടർ ടിഎൽ.ജയൻ റോഡുസുരക്ഷ ലഘു ലേഖനം പ്രകാശനം ചെയ്തു. സംസ്ഥാന സമിതിയംഗം ഗോപി പൊന്മള,അഡ്വ.ബോബൻ ടി. തെക്കീൽ, പി സി. ഓംകുമാർ, ഓണംപള്ളി രാധാകൃഷ്ണൻ, മജീഷ്യൻ ജോവാൻ മധുമല ,കെ കെ.കരുണാകരൻതുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി സ്വാഗതവും ടിജി ജോർജ്ജ് നന്ദിയും പറഞ്ഞു.



أحدث أقدم