ഹെൽത്ത്‌ ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന വ്യാജപരാതി യുവതിക്കെതിരേ കേസെടുക്കും


 തിരുവനന്തപുരം വെള്ളറടയിൽ, കോവിഡ്‌ സർട്ടിഫിക്കറ്റ്‌ വാങ്ങാൻവന്ന സ്‌ത്രീയെ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന്‌ ഹൈക്കോടതിയിൽ ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട്‌. പരസ്പര സമ്മതത്തോടെയായിരുന്നു ഇടപെടലുകൾ എന്നാണ്‌ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്‌. അതിനാൽ പരാതിക്കാരിക്കെതിരേ നിയമ നടപടിക്ക്‌ ശുപാർശ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയുടെ മുൻ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

കോവിഡ്‌ കാലത്ത്‌ രാപകലില്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്നതായി ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർക്കെതിരായ പീഡനക്കേസെന്ന്‌ കോടതി വിലയിരുത്തി. ഉദ്യോഗസ്ഥൻ 77 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നു. പരാതിക്കാരിക്കെതിരായ അന്വേഷണം മികവുറ്റ ഉദ്യോഗസ്ഥനെ ഏല്പിക്കണമെന്ന്‌ ജസ്റ്റിസ്‌ പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. നടപടികൾ എത്രയും വേഗമാക്കണമെന്നും നിർദേശമുണ്ട്‌. ഹെൽത്ത്‌ ഇൻസ്പെക്ടറുടെ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ടാണിത്‌.
أحدث أقدم