പാമ്പാടി : പാമ്പാടിയുടെ കായിക ചരിത്രത്തിൻ്റെ ആണിക്കല്ലായ പാമ്പാടി മിനി സ്റ്റേഡിയം പാമ്പാടി പഞ്ചായത്ത് അധികാരികൾ ഡ്രൈവിംഗ് സ്ക്കൂളുകൾക്ക് വാടകയ്ക്ക് നൽകാൻ തുടങ്ങുന്നു എന്ന അഭ്യൂഹത്തെ തുടർന്ന് കടുത്ത എതിർപ്പുമായി പാമ്പാടിയിലെ കായിക പ്രേമികൾ രംഗത്തെത്തി.
ഈ നീക്കത്തിനെതിരെ പാമ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് ഇവർ രേഖാമൂലം പരാതിയും നൽകി. നാടൻ പന്തുകളി , ഫുട്ബോൾ ,ക്രിക്കറ്റ് , ബാറ്റ്മിൻഡൻ തുടങ്ങി എല്ലാ കായിക വിനോദങ്ങളും എല്ലാ ദിവസവും അരങ്ങേറുന്ന വേദിയാണ് പാമ്പാടി മിനി സ്റ്റേഡിയം.
കഴിഞ്ഞ ഭരണസമതി 20 വർഷക്കാലമായി തിരിഞ്ഞ് നോക്കാതെ ഇഴജന്തുക്കളുടെയും , സാമൂഹ്യ വിരുദ്ധരുടെയും താവളമായിരുന്ന പാമ്പാടി മിനി സ്റ്റേഡിയം *പാമ്പാടിക്കാരൻ ന്യൂസിൻ്റെ* ശക്തമായ ഇടപെടൽ മൂലം 7 മാസം മുമ്പ് കാടുകൾ വെട്ടിത്തെളിച്ച് ചുറ്റുമതിൽ സ്ഥാപിച്ചിരുന്നു.
പിന്നീട് ഇലക്ഷൻ വന്ന വേളയിൽ ഇപ്പം ശരിയാക്കാം എന്ന് പറഞ്ഞ് ജയിച്ചതും തോറ്റതുമായ വാർഡ് മെമ്പർമാർ ഈ കാര്യത്തിൽ ഇടപെടുന്നില്ല എന്ന് കായിക പ്രേമികളുടെ പ്രതിനിധി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു.
തുച്ഛമായ തുക തറവാടക വാങ്ങിയാണ് പാമ്പാടി ടൗണിനോട് ചേർന്ന് കിടക്കുന്ന സ്റ്റേഡിയം സ്വകാര്യ സ്ഥാപനത്തിന് നൽകുന്നത്.
ഇത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി കായിക പ്രേമികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ഇവർ പറഞ്ഞു.
വാഹനത്തിൽ ഡ്രൈവിംഗ് പഠിക്കാനെത്തുന്നവർ ഗ്രൗണ്ടിൻ്റെ സ്വാഭാവികാവസ്ഥ തകിടം മറിക്കുന്നു , ഗ്രൗണ്ടിൽ കുണ്ടും കുഴിയും ആക്കുന്നു എന്ന പരാതിക്ക് പുറമെ ഇവർ ഷട്ടിൽ കളിക്കാൻ സ്ഥാപിച്ചിട്ടുള്ള നെറ്റിനും നിരവധി തവണ കേടുപാടുകൾ വരുത്തി ആയിരങ്ങളുടെ നഷ്ടവും ഉണ്ടാക്കിയതായും പരാതികളുണ്ട്.
സ്റ്റേഡിയം പരിശോധിച്ച് ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമതി കായിക പ്രേമികൾക്ക് അനുകൂലമായ നിലപാട് എടുത്തില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് നിർബന്ധിതമാകുമെന്നും കായിക പ്രേമികൾ അറിയിച്ചു.