വയനാട് കൽപ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുക്കം മുതൽ എടവണ്ണപ്പാറവരെ നാല് വാഹനങ്ങൾ തന്റെ വാഹനത്തെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം കൊണ്ടോട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
നാല് തവണ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും സ്വന്തം വീടിന് അടുത്തുവച്ച് പോലും ആക്രമണ ശ്രമം ഉണ്ടായെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും സുമിത് കുമാർ പോലീസിന് നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
രണ്ട് ബൈക്കുകളാണ് ആദ്യം തന്റെ വാഹനത്തെ പിന്തുടർന്ന് എത്തിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ സുമിത് കുമാർ പറയുന്നു. രണ്ട് കാറുകൾകൂടി പിന്നീട് എത്തി. ഒരു ബൈക്കും കാറും തന്റെ വാഹനത്തെ മറികടന്ന് മുന്നിൽ കയറി. എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളുടെ നമ്പറുകൾ അദ്ദേഹം പോലീസിന് കൈമാറിയിട്ടുണ്ട്. തന്റെ വാഹനത്തെ മറികടന്ന് മുന്നിലെത്തിയ ഒരു ബൈക്കിന്റെയും കാറിന്റെയും രജിസ്റ്റർ നമ്പറുകളാണ് പോലീസിന് കൈമാറിയിട്ടുള്ളത്.
കൊച്ചിയിൽ രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങൾ അടുത്തിടെ കൊടുവള്ളി സ്വദേശികൾ വാങ്ങിയെന്ന വിവരവും അദ്ദേഹം പോലീസിന് നൽകിയിട്ടുണ്ട്. തന്റെ ഡ്രൈവർ വാഹനം വേഗത്തിൽ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഏതാനം ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘമാണ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും നീക്കത്തിന് പിന്നിൽ ഗൂഢസംഘമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കസ്റ്റംസും പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.