തലശ്ശേരി: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.
മാറി മാറി കേരളം ഭരിക്കുന്ന ഇരുമുന്നണികളും കേരളത്തെ കൊള്ളയടിക്കുകയാണ്. തലശ്ശേരിയിൽ നടന്ന വിജയയാത്രയുടെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻസി ലാവ്ലിൻ കേസിൽ 375 കോടിയുടെ ആരോപണ വിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം കടുംവെട്ടാണ് നടത്തുന്നത്. മത്സരിച്ചു കടംവാങ്ങി കോൺഗ്രസും സിപിഎമ്മും കേരളത്തെ കടക്കെണിയിലാക്കി. ഭാവി തലമുറയ്ക്ക് ജീവിക്കാൻ പറ്റാത്ത സ്ഥലമായി കേരളം മാറിക്കഴിഞ്ഞു. രാജ്യദ്രോഹികളുമായും കള്ളക്കടത്തുകാരുമായും രണ്ട് മുന്നണികളും സഖ്യത്തിലാണ്. അഴിമതിയെ പോലെ സ്വജനപക്ഷപാതത്തിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. യുവാക്കൾക്ക് അർഹതപ്പെട്ട തൊഴിൽ നിഷേധിക്കുന്ന സർക്കാർ ഡിവൈ.എഫ്.ഐക്കാരുടെ ഭാര്യമാർക്ക് വരെ ജോലി നൽകുകയാണ്. കേരളം രക്ഷപ്പെടണമെങ്കിൽ മോദിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.