ഉയർന്ന റാങ്ക് ലിസ്റ്റിലുള്ളവരുമായി മന്ത്രി എ.കെ.ബാലന്‍ ചര്‍ച്ച നടത്തും. സിപിഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുമായി ഉടന്‍ ആശയവിനിമയം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് മന്ത്രി എ.കെ.ബാലന് നിര്‍ദേശം നല്‍കുകയായിരുന്നു. സിപിഒ ലിസ്റ്റ് നീട്ടാന്‍ സര്‍ക്കാരിനുള്ള പരിമിതികള്‍, ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിനായി കൈക്കൊണ്ട നടപടികള്‍ എന്നിവ മന്ത്രി വിശദീകരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പ് സമരമുഖത്തുള്ളവരെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍വന്നാല്‍ പിന്നെ ചര്‍ച്ചയോ, തീരുമാനങ്ങളോ സാധ്യമാകില്ലെന്ന കാര്യവും ഉദ്യോഗാര്‍ഥികളെ അറിയിക്കും. ഒരുമാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിനും ഇടത് മുന്നണിക്കും തിരിച്ചടിയായിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മന്ത്രിതല ചര്‍ച്ചക്ക് മുഖ്യമന്ത്രി പച്ചക്കൊടികാട്ടിയത്. മന്ത്രിതല ചര്‍ച്ചയ്ക്ക് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ ഡിവൈഎഫ്ഐ നേതാക്കളുമായി ചര്‍ച്ചനടത്തി.