മേഴ്സിക്കുട്ടിയമ്മക്കെതിരെ കൂടുതല്‍ തെളിവുകളുമായി ചെന്നിത്തല

തിരുവനന്തപുരം: ഇ എം സി സി അഴിമതിയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഇ എം സി സി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. 'വ്യവസായമന്ത്രി ഇ പി ജയരാജന്‍ പ്രതിപക്ഷ നേതാവ് എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നാണ് പറഞ്ഞത്. മേഴ്‌സിക്കുട്ടിയമ്മ എനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിഷമമില്ലെന്നും ചെന്നിത്തല പറഞ്ഞു.

മേഴ്‌സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല, വി എസ് ഗ്രൂപ്പുകാരിയാണ്. എന്നാല്‍ പിണറായിക്കൊപ്പം അഞ്ച് വര്‍ഷം കൂടിയപ്പോള്‍ മേഴ്‌സിക്കുട്ടിയമ്മയുടെ സംസാരശൈലി മാറി എന്ന് ചെന്നിത്തല പരിഹസിച്ചു. മന്ത്രിയുമായി സംസാരിച്ചുവെന്ന കാര്യം ഇ എം സി സി പ്രതിനിധികള്‍ സ്ഥിരീകരിക്കുന്നുണ്ട്. മേഴ്സിക്കുട്ടിയമ്മ ഉരുണ്ടുകളിക്കുകയാണ്. 

കമ്പനിയുടെ ഉടമസ്ഥന്‍ ഷിജു വര്‍ഗീസ് ചര്‍ച്ച നടത്തുന്ന ഫോട്ടോകളാണ് താന്‍ പുറത്തുവിട്ടത്. ആര്‍ക്ക് വേണമെങ്കിലും ഇതു പരിശോധിക്കും. അമേരിക്കയില്‍ ചര്‍ച്ച നടത്തുന്ന ഫോട്ടോകളും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി അടക്കമുളളവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നും' ചെന്നിത്തല പറഞ്ഞു. മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത് അനുസരിച്ചാണ് ഇ എം സി സി പ്രതിനിധികള്‍ ഇവിടെയെത്തിയത്. വളരെ താത്പര്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. അയ്യായിരം കോടിയുടെ പദ്ധതി മന്ത്രിസഭാ യോഗത്തില്‍ വച്ച് എത്രയും വേഗം അംഗീകാരം നേടണമെന്ന് കമ്പനി പ്രതിനിധികള്‍ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരെല്ലാം ഇന്നലെ പറഞ്ഞത് പച്ചക്കളളമാണ്. സംശയത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ശ

ശരവേഗതയിലാണ്ഇ എം സി സിക്ക് നാലേക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചത്. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ഒന്നുമറിയില്ലെന്ന് ഭാവിക്കുകയാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഇടപാടാണിത്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ സൈറ്റില്‍ നിന്ന് എല്ലാം അപ്രത്യക്ഷമായി. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല പറഞ്ഞു. 

പ്രതിപക്ഷംം ഇതൊന്നും കണ്ടെത്താതെ ഇരുന്നെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനി കൊളളയടിക്കുമായിരുന്നു. സര്‍ക്കാര്‍ ഇനിയും കളളം പറഞ്ഞാല്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. കേരള ചരിത്രത്തില്‍ ഒരു സര്‍ക്കാരിനും ചിന്തിക്കാന്‍ പോലും കഴിയാത്ത നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. തന്നെ ആക്ഷേപിക്കുന്നതിനോട് ഒരു പരാതിയുമില്ല. രേഖകളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും' പ്രതിപക്ഷ നേതാവ് പറഞ്ഞു.
أحدث أقدم