പി.സി ചാക്കോ ക്കൊപ്പം പോകുന്നു; ഡി.സി.സി ജനറല്‍ സെക്രട്ടറി രാജിവെച്ചു; കൂട്ട രാജിയുണ്ടാവുമെന്ന് മുന്നറിയിപ്പ്


കൊച്ചി :കേണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പിസി ചാക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം ഡിസിസിയില്‍ രാജി. ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. രാജികത്ത് കെപിസിസി പ്രസിഡണ്ടിനും ഡിസിസി പ്രസിഡണ്ടിനും കൈമാറിയെന്നും കഴിഞ്ഞ നാലരവര്‍ഷമായി താന്‍ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണെന്നും ബിജു ആബേല്‍ ജേക്കബ് അറിയിച്ചു.

പിസി ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കൂടുതല്‍ പേര്‍ അദ്ദേഹത്തിനൊപ്പം ചേരുമെന്നും ബിജു അറിയിച്ചു. നിരവധി പേര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരും യുഡിഎഫ് പ്രാചരണത്തിന് ഇറങ്ങിയത് കൊണ്ടാണ് വരാന്‍ മടിക്കുന്നതെന്ന് ബിജു പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നത്. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി സി ചാക്കോയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തത്. ഇരുവരും ഒരുമിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. എന്‍സിപിയുടേയും എല്‍ഡിഎഫിന്റേയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി സി ചാക്കോ സിപിഐഎം ഓഫീസിന് മുന്നിലെ പ്രസ്മീറ്റില്‍ പറഞ്ഞു. ഇതിന് പുറമേ കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ച് പിസി രംഗത്തെത്തിയിരുന്നു.
ബിജെപിയ്ക്കെതിരെ ദേശീയതലത്തില്‍ രാഷ്ട്രീയമുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്ന കാര്യങ്ങള്‍ ആരും അറിയുന്നത് പോലുമില്ലെന്നും അടക്കമുള്ള വിമര്‍ശനങ്ങളാണ് പിസി ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് കേന്ദ്രഏജന്‍സികളെക്കുറിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അത് പക്വതയില്ലാത്ത പ്രവൃത്തിയാണ്. കേന്ദ്രഏജന്‍സികള്‍ ചെയ്യുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിസി ചാക്കോ പറഞ്ഞു
أحدث أقدم