ന്യൂഡൽഹി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുളള കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ കഴിയും.ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ ഇളവനുവദിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹൈക്കോടതി ഉത്തരവിനെതിരെ അധ്യാപകനും പൊതു പ്രവര്‍ത്തകനുമായ സലീം മടവൂരും, എ.എന്‍ അനുരാഗുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട 1951 ലെ നിയമത്തിന്റെ കൃത്യമായ നിര്‍വചനം അല്ല ഹൈക്കോടതി നടത്തിയത് എന്ന് എ എന്‍ അനുരാഗിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ അമിത് കൃഷ്ണനും വാദിച്ചു. സലീം മടവൂരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആണ് ഹാജരായത്.