കമ്മ്യൂണിസം തകര്‍ന്നടിഞ്ഞ പ്രത്യയശാസ്ത്രം : തേജസ്വി സൂര്യ എംപി



കോട്ടയം: കമ്മ്യൂണിസം തകര്‍ന്നടിഞ്ഞ പ്രത്യയശാസ്ത്രമാണെന്നും മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ കേരളത്തിന്റെ വികസനം മുരടിപ്പിച്ചെന്നും യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എംപി. 

പുതിയ കേരളത്തിനായി സമര്‍പ്പിത യുവത്വം എന്ന പേരില്‍ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രഭാഷണ - സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ നശിപ്പിച്ചു. ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും. ഇന്ന് ലോകത്ത് ഒരു രാജ്യവും കമ്മ്യൂണിസം പിന്തുടരുന്നില്ലെന്ന് മാത്രമല്ല, അവര്‍ വാഗ്ദാനം ചെയ്യുന്നത് ദാരിദ്ര്യം മാത്രമാണ്. നാടിന്റെ വികസനത്തെ തകര്‍ക്കുകയെന്നതാണ് അവരുടെ മുദ്രാവാക്യം. സംസ്ഥാനത്തെ സാമ്പത്തികനില തകര്‍ന്ന സ്ഥിതിയിലാണ്. 

കേരളത്തിലെ യുവാക്കള്‍ അഭ്യസ്ഥവിദ്യരും കഴിവുള്ളവരുമായിട്ടും തൊഴില്‍തേടി പുറത്തേക്ക് പോകേണ്ട ഗതികേടിലാണ്. മലയാളികളായ ആയിരക്കണക്കിന് യുവാക്കളാണ് ബെംഗളൂരുവിലും മുംബൈയിലും ന്യൂദല്‍ഹിയിലും തൊഴില്‍തേടി എത്തുന്നത്. കേരളത്തിന്റെ മോശമായ അവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും അന്യനാടുകളിലേയ്ക്കുള്ള കുടിയേറ്റവും വര്‍ദ്ധിച്ചതിനു കാരണം കമ്യൂണിസമാണ്. 

കേരളത്തില്‍ മാറ്റം വരണമെങ്കില്‍ കമ്മ്യൂണിസം പിഴുതെറിയപ്പെടണം. ഏറ്റവും മോശപ്പെട്ടതും അഴിമതിനിറഞ്ഞതുമായ സര്‍ക്കാരാണ് പിണറായി വിജയന്റേത്. പദ്ധതികളല്ല അഴിമതി മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സിപിഎം മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും അവരോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും മാത്രമേ ജോലി ലഭിക്കൂ എന്ന അവസ്ഥയാണ്. പിന്‍വാതില്‍ നിയമനവും ബന്ധുനിയമനവുമാണ് ഇവിടെ നടക്കുന്നത്. 

സംസ്ഥാനത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമിയടക്കമുള്ള തീവ്രവാദ സംഘടനകളെ വളര്‍ത്തുന്നതും അവര്‍ക്കാവശ്യമായ പ്രോത്സാഹനം നല്‍കുന്നതും ഇടത്-വലത് മുന്നണികളാണ്. 1921 ആവര്‍ത്തിക്കുമെന്ന് പറഞ്ഞ് പ്രകടനം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പോരാടിയ അമ്മമാരെയും സഹോദരിമാരെയും അഭിവാദ്യം ചെയ്യുന്നതായും അവരുടെ കണ്ണീരും ത്യാഗങ്ങളും ഒരിക്കലും വെറുതെയാവില്ലെന്നും തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു. 

 യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ അദ്ധ്യക്ഷനായി. യുവമോര്‍ച്ച കോട്ടയം ജില്ലാപ്രസിഡന്റ് സോബിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി എന്നിവര്‍ സംസാരിച്ചു. 

أحدث أقدم