പ്രധാനമന്ത്രി ഇടപെട്ടു , കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ ബിജെപി സ്ഥാനാർഥി






ന്യൂഡൽഹി:  നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കും. ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയതെന്നാണ് സൂചന.

കഴക്കൂട്ടത്ത് ശോഭയെ മത്സരിപ്പിക്കാതിരിക്കാനുള്ള വി മുരളീധരപക്ഷത്തിന്‍റെ നീക്കങ്ങൾക്കെല്ലാം തടയിട്ടാണ്, ബിജെപി കേന്ദ്രനേതൃത്വം ശോഭയ്ക്ക് മത്സരിക്കാൻ പച്ചക്കൊടി കാട്ടിയത്. 

ശോഭ സുരേന്ദ്രനെ വെട്ടാൻ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് വി.മുരളീധര പക്ഷം നീക്കം നടത്തിയിരുന്നത്.  

കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി വരും, അങ്ങനെയെങ്കിൽ ശോഭയ്ക്ക് സീറ്റ് നൽകാനാകില്ല എന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്‍റെ നിലപാട്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭയ്ക്ക് സീറ്റ് നൽകാൻ കെ സുരേന്ദ്രനടക്കമുള്ളവർക്ക് താൽപ്പര്യവുമുണ്ടായിരുന്നില്ല. 

കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രന് അംഗീകാരം നൽകുമ്പോഴും അതിനെതിരെ നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് സങ്കീര്‍ണ്ണമാക്കുന്നുണ്ട്. 

ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ കഴക്കൂട്ടത്ത് വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. സാമുദായിക പരിഗണന നോക്കിയാലും ശോഭ സുരേന്ദ്രൻ അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര നേതൃത്വം പറയുന്നു.


Previous Post Next Post