ബിജെപി വോട്ടുകളെല്ലാം ഇത്തവണ എനിക്ക്’; പലരും വിളിച്ച് പിന്തുണ അറിയിച്ചു, ആവശ്യം സിപിഐഎമ്മിനെ തോല്‍പ്പിക്കാനെന്ന് കെ ബാബു



കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. അന്ന് ബിജെപിക്ക് വോട്ടുചെയ്തവര്‍ ഇത്തവണ തന്നെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. അവരില്‍ ബിജെപിക്കാരുമുണ്ട്. കഴിഞ്ഞതവണ അബദ്ധം പറ്റിയെന്ന് അവര്‍ തന്നോട് പറഞ്ഞു. അതുകൊണ്ട് സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ തനിക്ക് വോട്ടു ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കെ ബാബു പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയ്തല്‍ അതിന്റെ ഗുണം പരോക്ഷമായി സിപിഐഎമ്മിന് കിട്ടുമെന്ന് തിരിച്ചറിയാനുള്ള വിവേകമുള്ളവരാണ് തൃപ്പൂണിത്തുറയിലുള്ളതെന്നും ബാബു പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍ സാമാന്യ ബുദ്ധിയുള്ള ആളാണെന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം അദ്ദേഹത്തിന് അത് നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ടെന്നും കെ ബാബു  പറഞ്ഞു.

അതേസമയം, കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ഭരണം നടത്തുമെന്ന് പിസി ചാക്കോ പറഞ്ഞു. യുഡിഎഫ് നേരിടാന്‍ പോകുന്നത് വന്‍ തകര്‍ച്ചയാണെന്നും പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിന് ഉറപ്പില്ലെന്നും പിസി ചാക്കോ പറഞ്ഞു. കോ-ലീ-ബി സഖ്യത്തിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് താനല്ല ഉത്തരവാദി. പലരും സമീപ ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടു പുറത്തുവരും. ധര്‍മ്മടത്ത് ഒരു സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താന്‍ കഴിയാത്ത ഗതികേടിലാണ് കോണ്‍ഗ്രസ് എന്നും പിസി ചാക്കോ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തല താഴ്ത്തി നടക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനം പേറേണ്ടി വന്നത് ഉമ്മന്‍ ചാണ്ടി മൂലമാണ്. രമേശ് ചെന്നിത്തലയെ മാറ്റി നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ എടുത്തു വച്ച ഹൈക്കമാന്‍ഡിന് നല്ല നമസ്‌കാരം മാത്രമാണുള്ളതെന്നും പിസി ചാക്കോ പറഞ്ഞു.
Previous Post Next Post