ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കൊവിഡ്; ബീഹാര്‍ ചീഫ് സെക്രട്ടറി രോഗം ബാധിച്ച് മരിച്ചു



ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്ന്റണന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് തന്റെ രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

‘നേരിയ ലക്ഷണങ്ങളോട് കൂടി എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ സ്വയം നിരീക്ഷണണത്തിലായിരുന്നു. മാത്രമല്ല, ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും പരിശോധന നടത്തി. വീട്ടിലിരുന്നുകൊണ്ട് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കും’, അനില്‍ ബൈജാല്‍ ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസങ്ങളിലായി ലഫ്. ഗവര്‍ണറിന്റെ നേതൃത്വത്തില്‍ യോഗങ്ങളും മറ്റും നടന്നിരുന്നു. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഏപ്രില്‍ 19 ന് മുമ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇതിനിടെ ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധയെ തുടര്‍ന്ന് പട്‌നയിലെ എച്ച്എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഏപ്രില്‍ 15നായിരുന്നു അദ്ദേഹത്തിന് രോഗബാധ സ്ഥരീകരിച്ചത്. 2021 ഫെബ്രവരി 28നാണ് അദ്ദേഹം ബിഹാര്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്.

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് നാല് ലക്ഷത്തിലേക്കടുക്കുമ്പോള്‍ രാജ്യ തലസ്ഥാനത്ത് ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. നിലവില്‍ 97,977 രോഗികളാണ് ദില്ലിയില്‍ കൊവിഡ്19 ചികിത്സയില്‍ കഴിയുന്നത്. 21,152 കിടക്കകളില്‍ 1628 എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 53,440 പേരും ഹോം ഐസൊലേഷനിലുമാണ് ഉള്ളത്. ബിഹാറില്‍ നിലവില്‍ 1,00,821 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 4.54 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2560 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
Previous Post Next Post