കൊവിഡ് വാക്‌സിനെതിരായ പ്രചാരണം: നടന്‍ മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി



കൊവിഡ് വാക്‌സിനെതിരായ വ്യാജപ്രചാരണത്തെത്തുടര്‍ന്ന് നടന്‍ മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. കേസില്‍ നടന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. തമിഴ്‌നാട് ആരോഗ്യവകുപ്പിനാണ് നടന്‍ രണ്ട് ലക്ഷം രൂപ നല്‍കേണ്ടത്. ജസ്റ്റിസ് എം ദണ്ഡപാണിയുടേതാണ് ഉത്തരവ്.

നടന്‍ വിവേകിന് ഹൃദയാഘാദം വന്നത് കൊവിഡ് വാക്‌സിന്‍ മൂലമാണെന്ന് മന്‍സൂര്‍ ആരോപിച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. ഇന്ത്യയില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ആ നിമിഷം കൊവിഡില്ലാതാകുമെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. മന്‍സൂറിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും തുടര്‍ന്ന് നടനെതിരെ ചെന്നൈ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മന്‍സൂര്‍ പറഞ്ഞത്:

ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിര്‍ബന്ധിച്ച് കൊവിഡ് വാക്‌സീന്‍ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കൊവിഡ് വാക്‌സീന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കൊവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഞാന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം ഞാന്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്.

ജോലിക്ക് പോകാന്‍ പറ്റുന്നുണ്ടോ ഇവിടെ. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കൊവിഡ് വാക്‌സീന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ ഇന്‍ഷുറന്‍സ് തരൂ. 100 കോടി ഇന്‍ഷുറന്‍സ് തരൂ, കൊവിഡ് വാക്‌സീന്‍ എടുക്കുന്നവര്‍ക്ക്. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവര്‍ക്ക് ജീവിക്കണം.’

ഇന്നലെയാണ് സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന്‍ വിവേകിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. പ്രധാനമന്ത്രിയടക്കം നിരവധി പേര്‍ താരത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊവിഡ് വാക്‌സിന്‍ സ്വീരിച്ചതിന് പിന്നാലെയായിരുന്നു വിവേകിന് ഹൃദയാഘാദം വന്നത്. എന്നാല്‍ വിവേകിന് ഹൃദയാഘാദം വന്നത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം മെഡിക്കല്‍ സംഘം നടത്തിയ പ്രസ് മീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വാക്സിന്‍ മൂലമാവാം ഹൃദയാഘാതം വന്നതെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ വിവേക് കാലങ്ങളായി ഹൃദ്രോഗിയായിരുന്നു എന്നും ഇടത് കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. താരത്തെ ചികിത്സിച്ച വലപളനിയിലെ എസ് ആര്‍ എം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരാണ് പ്രസ് മീറ്റില്‍ സംസാരിച്ചത്.

മനതില്‍ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. 1990കളുടെ തുടക്കത്തോടെ അജിത്ത്, വിജയ് ചിത്രങ്ങളില്‍ കോമഡി രംഗങ്ങളില്‍ നിറസാന്നിധ്യമായി മാറി. ഖുശി, അന്യന്‍, ശിവാജി തുടങ്ങി 200ല്‍ അധികം സിനിമകളില്‍ അഭിയനയിച്ചിട്ടുണ്ട്. ഒരു നുണക്കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

2019ല്‍ പുറത്തിറങ്ങിയ വെള്ളൈ പൂക്കള്‍ എന്ന സിനിമയിലെ റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഇന്ത്യന്‍ 2വാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. അഞ്ച് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Previous Post Next Post