സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹത, രണ്ടിടങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവും സംശയിക്കണം’; ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്


നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹത ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും. ശക്തമായ വാഹന പരിശോധന നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് വാഹനത്തിലൂടെ കോടികള്‍ കൈമാറിയെങ്കില്‍ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയും വിശദമായി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. കൊടകര കുഴല്‍പണ കേസിലെ ബിജെപി ബന്ധത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തുന്നത്.

കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പോലും ഹെലികോപ്റ്റര്‍ യാത്രയെ സാധൂകരിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാഹുല്‍ സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സുരേന്ദ്രനെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാവണന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുലിന്റെ പ്രതികരണം-

‘കൊടകര കേസ്’ ഒരു മോഷണ കേസ് മാത്രമല്ല. കൃത്യമായ ഒരു രാഷ്ട്രീയ ഗൂഡാലോചനയും, ‘ഡീലും ‘ അതിലുണ്ട്. നിലവിലെ പരാതിക്കാരന്‍ ധര്‍മ്മരാജന്റെ, പരാതിയില്‍ തന്നെ നിഗൂഡതയുണ്ട്. പരാതി നല്കിയത് 25 ലക്ഷം രൂപ മാത്രം മോഷണം പോയി എന്നാണ്. എന്നാല്‍ പോലീസ് നിലവില്‍ തന്നെ 1 കോടി 10 ലക്ഷം കണ്ടെത്തി കഴിഞ്ഞു. പണത്തിന്റെ സോഴ്‌സായി ധര്‍മ്മരാജന്‍ പറയുന്ന സുനില്‍ നായക്, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും BJP പ്രസിഡന്റ് K സുരേന്ദ്രന്റെ വിശ്വസ്തനുമാണ്.
ശക്തമായ വാഹന പരിശോധന ഉണ്ടായിരുന്ന തിരഞ്ഞെടുപ്പ് കാലത്ത്, റോഡ് മാര്‍ഗ്ഗത്തിലൂടെ കോടികള്‍ കൈമാറ്റം ചെയ്‌തെങ്കില്‍, തിരഞ്ഞെടുപ്പ് കാലത്തെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകളും വിശദമായി അന്വേഷിക്കണം.
ഈ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിച്ചത് പോലും ഈ ഹെലികോപ്റ്റര്‍ യാത്രയെ സാധൂകരിക്കുവാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സുരേന്ദ്രനെ വിശദമായി ചോദ്യം ചെയ്യുവാന്‍ അന്വേഷണ സംഘം തയ്യാറാകണം.”



തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നത്. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കി. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം കടത്തിന് കെ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.

ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ഈ ശബ്ദ സന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. ‘മാഷുടെ കൈയ്യില്‍ കുറച്ചു പണം വന്നിട്ടുണ്ട്. അതില്‍ നിന്ന് എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം,’ എന്നായിരുന്നു ശബ്ദസന്ദേശത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. കൊടകര കള്ളപ്പണക്കേസിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി മറ്റൊരു പരാതി പറയുന്നു.
أحدث أقدم