കേരളത്തിന്റെ പ്രമേയത്തിന് വെറും ടോയിലറ്റ് പേപ്പറിൻ്റെ വില പരിഹസിച്ച് എസ് സുരേഷ്



ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. നിയമസഭ ഒന്നടങ്കം പാസാക്കിയ പ്രമേയത്തിന് ടോയിലറ്റ് പേപ്പറിന്റെ വില പോലുമില്ലെന്നാണ് സുരേഷ് പരിഹാസത്തോടെ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു സുരേഷിന്റെ പരാമര്‍ശം.

ബിജെപിക്കാര്‍ അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ലെന്നാണ് സുരേഷിന്റെ പരാമര്‍ശത്തോടെ ചര്‍ച്ചയില്‍ പങ്കെടുത്ത ആയിഷ സുല്‍ത്താന പ്രതികരിച്ചത്. ബിജെപിക്കാരുടെ നിലവാരം അതാണ്. അത്രയും പ്രതീക്ഷിച്ചാല്‍ മതി. കേരളം ഞങ്ങള്‍ക്കൊപ്പം നിന്ന ദിവസമാണിത്. ദ്വീപിലെ കുട്ടികള്‍ ഈ ദിവസം സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കുകയാണെന്നും ആയിഷ പറഞ്ഞു.

ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഐകണ്‌ഠ്യേനയാണ് നിയമസഭാ  പാസാക്കിയത്.
ദ്വീപില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്. ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.


 

أحدث أقدم