ലോക്ക് ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ സഹായ പദ്ധതി; ചെറുകിട വ്യവസായ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ്

Jowan Madhumala 
ചെറുകിട വ്യവസായ മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 1416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് സഹായ പദ്ധതി നടപ്പാക്കുന്നത്. ലോക എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് നടന്ന വെബിനാറില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് പദ്ധതി പ്രഖ്യാപിച്ചത്.
രണ്ടാം കോവിഡ് തരംഗത്തില്‍ ചെറുകിട സൂക്ഷ്മ ഇടത്തരം മേഖലകള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുളത്. ഒരു മാസത്തില്‍ ഏറെ നീണ്ടു നിന്ന ലോക്ക് ഡൗണിനും ഇപ്പോഴും തുടരുന്ന നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ നേരിയ ആശ്വാസം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍.
വ്യവസായ ഭദ്രത സ്‌കീമിന്റെ ഭാഗമായി സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇത്തരത്തില്‍ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വര്‍ധിപ്പിക്കും.
വ്യവസായിക പിന്നോക്ക ജില്ലകളിലും, മുന്‍ഗണനാ വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കുന്ന സബ്‌സിഡിയും ഉയര്‍ത്തിയിട്ടുണ്ട്. കെഎസ്‌ഐഡിസി വായ്പകള്‍ക്കു പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കുകയും, ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. കെഎസ്‌ഐഡിസി മുഖേനെ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി 5 ശതമാനം നിരക്കില്‍ ലോണ് അനുവദിക്കുന്ന പദ്ധതിയും നടപ്പിലാക്കും.
നോര്‍ക്ക റൂട്ട്‌സ് വഴിയാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യസംരക്ഷണ മേഖലയിലെ വ്യവസായങ്ങള്‍ക്കായി പ്രത്യേക ലോണ്‍ പാക്കേജ് സര്‍ക്കാര്‍ ഉള്‍െപ്പടുത്തിയിട്ടുണ്ട്. കോവിഡ് സമാശ്വാസ പദ്ധതി ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ വരുന്നത്. പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് പദ്ധതി സഹായകാരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
Previous Post Next Post