സ്ത്രീധന പീഡനം: ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച് യുവതി തൂങ്ങിമരിച്ചു.

Jowan Madhumala
കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് വിശദീകരിച്ച് ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ഉള്‍പ്പടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ഭര്‍ത്താവും ഭര്‍തൃമാതാവുമാണ് മരണത്തിന് കാരണക്കാരെന്നും കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുനീര്‍ വറ്റിയെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കണം. കല്യാണം കഴിഞ്ഞത് മുതല്‍ സഹിക്കാന്‍ കഴിയാത്ത പീഡനമാണ് നടക്കുന്നത്. ജ്യോതിശ്രീ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഡിസംബര്‍ 25നായിരുന്നു തിരുമുള്ളെവയല്‍ സ്വദേശി ബാലമുരുകനുമായി ജ്യോതിശ്രീയുടെ വിവാഹം നടന്നത്.


സ്ത്രീധനമായി 60 പവന്‍ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതില്‍ സ്വര്‍ണ്ണം മുഴുവന്‍ നല്‍കിയെങ്കിലും ഇരുപത്തഞ്ച് ലക്ഷം നല്‍കാന്‍ ജ്യോതിശ്രീയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതല്‍ ഭര്‍ത്താവും മാതാവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് ഉപദ്രവം തുടങ്ങിയെന്നും ഫാര്‍മസി ഉപരിപഠനത്തിന് പോണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും ജ്യോതിശ്രീ പറയുന്നുണ്ട്.

പീഡനം സഹിക്കവയ്യാതെ രണ്ട് മാസം മുമ്പ് സ്വന്തം വീട്ടിലേക്ക് ജ്യോതിശ്രി പോയെങ്കിലും ബാലമുരുകന്‍ വന്ന് സംസാരിച്ച് കൂട്ടി കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നു. സ്വന്തം വീട്ടുകാരോട് പറഞ്ഞിട്ടും അവിടെ പിടിച്ചുനില്‍ക്കാനായിരുന്നു ഉപദേശമെന്ന് ജ്യോതിശ്രീയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ആത്മഹത്യാക്കുറിപ്പും ജ്യോതിശ്രീയുടെ ഫോണിലെ വീഡിയോയും ഭര്‍ത്താവ് നശിപ്പിച്ചിരുന്നു. എന്നാല്‍ ആത്മഹത്യക്കുറിപ്പിന്റെ ഫോട്ടോ അടക്കം ജ്യോതിശ്രീ സഹോദരിക്ക് ഫോണില്‍ അയച്ച് കൊടുത്തിരുന്നു. ബാലമുരുകന്‍, ഭര്‍തൃമാതാവ് ഹംസ അഴിയോര്‍, സഹോദരന്‍ വേല്‍ എന്നിവരെയാണ് ആവഡി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
Previous Post Next Post