ഡിവൈഎഫ്‌ഐയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണം- എ.എന്‍. രാധാകൃഷ്ണന്‍
കോട്ടയം: ഡിവൈഎഫ്‌ഐയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍. 

ഈ ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നില്‍ ദുരൂഹതയുണ്ട്. ഇന്ത്യയിലെല്ലാ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനത്തിനുള്ള ഫണ്ട് പോകുന്നത് കേരളത്തില്‍ നിന്നാണ്. സ്വര്‍ണ്ണക്കടത്തും സ്വര്‍ണപിടിച്ചുപറിയും നടത്തിയുള്ള പണമാണോ സാമ്പത്തിക സ്രോതസ്സായി മാറുന്നതെന്ന് പരിശോധിക്കണം. 

ടി.പി. കേസിലെ പ്രധാന പ്രതികളിലൊരാള്‍ തന്നെ ജയിലില്‍ക്കിടന്ന് സ്വര്‍ണക്കടത്തുകാരുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥത വഹിച്ച് കോടികള്‍ സമ്പാദിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കെട്ടുപിണഞ്ഞ് കിടക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി അടക്കമുള്ളവരെ നേരത്തെ പുറത്താക്കിയെന്നാണ് ഡിവൈഎഫ്എയും സിപിഎമ്മും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇവരെ പുറത്താക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്വര്‍ണക്കടത്തും പിടിച്ചുപറിയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കില്‍ എന്തുകൊണ്ട് ഈ വിവരം പോലീസിനെ അറിയിച്ചില്ല. നിയമനടപടികള്‍ സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച് രേഖകള്‍ പോലീസിന് കൈമാറിയില്ല. സ്വന്തമായി അതിന് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് അന്വേഷണം നടത്തി ശിക്ഷ വിധിച്ചതാണോയെന്നും എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു. 

അര്‍ജുന്‍ ആയങ്കി 22 തവണ സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ഈ സ്വര്‍ണം എന്തു ചെയ്തു. അത് ഒളിപ്പിക്കാന്‍ അര്‍ജുന് ആരുടെയെല്ലാം പിന്തുണ ലഭിച്ചു. ഇതെല്ലാം അന്വേഷിക്കണം. 
കേരളത്തില്‍ സിപിഎം ഭരണത്തിന് കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വ്യാപകമായ രീതിയില്‍ സ്വര്‍ണക്കടത്തും പിടിച്ചുപറിയും നടക്കുന്നുണ്ട്.

 ഭരണസംവിധാനവും സിപിഎമ്മുകാരും ഗുണ്ടകളും ചേര്‍ന്ന് സമാന്തരസംവിധാനം ഉണ്ടാക്കുകയാണ്. ജയിലിന് അകത്ത് കിടക്കുന്ന കൊലക്കേസ് പ്രതികള്‍ പോലും സിപിഎം സംരക്ഷണയില്‍ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുകയാണ്. ഇത്തരം സംഘങ്ങളും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള ബന്ധം കെട്ടുപിണഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ പൊതുസമൂഹത്തിന് നീതി കിട്ടില്ല. 

കേരളത്തില്‍ ഭരണത്തിന്റെ തണലില്‍ നടക്കുന്ന സ്വര്‍ണക്കടത്ത്, ജയിലില്‍ നിന്ന് നടത്തിയ ഒത്തുതീര്‍പ്പുകള്‍, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി ഉള്‍പ്പെടെയുള്ളയെക്കുറിച്ച് സമഗ്രഅന്വേഷണം വേണം. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ അന്വേഷണങ്ങളില്‍ സത്യം വെളിച്ചത്ത് വരില്ലെന്നും ഇത് കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര ആഭ്യന്തര വകുപിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

 കേരളം ഐഎസ് ഭീകരരുടെ താവളമെന്ന ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Previous Post Next Post