സ്വര്‍ണക്കടത്തുകേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍


കൊച്ചി : സ്വര്‍ണക്കടത്തുകേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍, സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. സ്ഥലംമാറി പോകുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്വേഷണം സുതാര്യമായാണ് നടന്നത്. തന്നെ ആര്‍ക്കും സ്വാധീനിക്കാനാകില്ല. സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് ചെയ്യേണ്ടതെല്ലാം ചെയ്തു. നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കാന്‍ കഴിഞ്ഞു. നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. അന്വേഷണം സുതാര്യമായാണ് നടന്നത്. വിദേശത്തേക്ക് കടന്നയാളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. ഡോളര്‍ കടത്തുകേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും സുമിത് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണ്. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല. നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പൊലീസ് നടപടി എടുത്തില്ലെന്നും സുമിത് കുമാര്‍ ആരോപിച്ചു. പലതവണ അക്രമങ്ങള്‍ ഉണ്ടായിട്ടും പൊലീസ് ഇതുവരെ ഒരു കുറ്റപത്രം പോലും തയ്യാറാക്കിയിട്ടില്ല. 

സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേല്‍ അധികാരമില്ലെന്നായിരുന്നു സുമിത് കുമാറിന്റെ മറുപടി. തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസ്റ്റംസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണ്. സര്‍ക്കാരിനെതിരെ താന്‍ ഒരു കമ്മിഷനെ വച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും സുമിത് കുമാര്‍ ചോദിച്ചു. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത നീക്കമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഡോളർ കടത്ത് കേസിൽ കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് സുമിത് കുമാർ പറഞ്ഞു. അതുമായി ബന്ധപ്പെട്ട ചില നയതന്ത്ര ഉദ്യോഗസ്ഥരുമായിട്ടാണ് മുൻ മന്ത്രിക്ക് ബന്ധമെന്ന് സുമിത് കുമാർ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. താൻ മാത്രമാണ് സ്ഥലംമാറി പോകുന്നത്. തന്റെ മറ്റ് ഉദ്യോ​ഗസ്ഥരെല്ലാം ഇവിടെയുണ്ടെന്നും സുമിത് കുമാർ പറഞ്ഞു. 

أحدث أقدم