കോട്ടയം: പാലാക്കാർക്ക് ഇനി രണ്ടെണ്ണം അടിക്കണമെങ്കിൽ വീട്ടിലിരുന്നു ബുക്ക് ചെയ്താൽ മതി. മദ്യം ഓൺലൈനായി ബുക്ക് ചെയ്യാൻ ബവ്റിജസ് കോർപറേഷൻ ആരംഭിച്ച ബവ്സ്പിരിറ്റ് സംവിധാനം ജില്ലയിൽ ആദ്യമായി നടപ്പാക്കിയതു പാലായിലെ ബവ്കോ ഔട്‌ലെറ്റിൽ.
കഴിഞ്ഞ ദിവസം ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. ഒരു ജില്ലയിൽ ഒരെണ്ണമെങ്കിലും എന്ന നിലയിലാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തനം തുടങ്ങിയത്. ചങ്ങനാശേരി ബവ്റിജസ് ഔട്‌ലെറ്റിലും അടുത്ത ദിവസം തന്നെ ഓൺലൈൻ സംവിധാനം നിലവിൽ വരും.
ബവ്റിജസ് കോർപറേഷന്റെ വെബ്സൈറ്റിൽ കയറി ബവ്സ്പിരിറ്റ് എന്ന പേജിൽ എത്തിയാൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനം കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്.
എവിടെയിരുന്നും ആവശ്യമുള്ള ബ്രാൻഡ് മദ്യം ബുക്ക് ചെയ്യാൻ സാധിക്കും. പ്രീമിയം ബ്രാൻഡുകൾ മാത്രമാണ് ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്തു പണമടച്ച ശേഷം ലഭിക്കുന്ന കോഡുമായി 10 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും കൗണ്ടറിൽ എത്തി വാങ്ങിയാൽ മതി.
കൗണ്ടറിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണു ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ജില്ലയിൽ 27 ഔട്‌ലെറ്റുകളാണു ബവ്റിജസ് കോർപറേഷനുള്ളത്.