പാലാ: പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിഥിന മോളുടെ കൊലപാതകം പ്രതി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ്.
റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എങ്ങനെ കൊലപ്പെടുത്തണമെന്ന് പ്രതി പരിശീലനം നടത്തിയെന്ന് സംശയമുള്ളതായി പൊലീസ് പറയുന്നു. കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ല, സ്വയം മുറിവേല്‍പ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പൊലീസിന് ആദ്യം നല്‍കിയിരുന്ന മൊഴി.
എന്നാല്‍ കൊലപാകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകള്‍ വിശദീകരിച്ചുകൊണ്ടാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഒറ്റ കുത്തില്‍ തന്നെ നിഥിനയുടെ വോക്കല്‍ കോഡ് അറ്റുപോയി.
പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന് കൃത്യ നിര്‍വഹണത്തിന് കൂടുതല്‍ പണിപ്പെടേണ്ടി വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റ വെട്ടില്‍ തന്നെ അഭിഷേക് നിഥിനയെ കൊലപ്പെടുത്തിയിട്ടുണ്ട്. കൊലപാകതത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാല്‍ അഭിഷേക് സന്ദേശമയച്ചയാളെ പൊലീസ് ചോദ്യം ചെയ്‌തേക്കും.