വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസ്; മുൻ എം.പി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം


ബലാത്സം​ഗക്കേസിൽ എച്ച് ഡി ദേവ​ഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ഹോലെനരസിപുര സ്റ്റേഷനിൽ 2024ൽ രജിസ്റ്റർ ചെയ്ത ബലാത്സം​ഗ കേസിലാണ് പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ വീട്ടിൽ ഫാം തൊഴിലാളിയായിരുന്ന 47കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ഫാം ഹൗസിൽ വെച്ചും ബെം​ഗളൂരുവിലെ വീട്ടിൽ വെച്ചും രണ്ട് തവണ ബലാത്സം​ഗം ചെയ്തു എന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. സമാനമായ മൂന്ന് കേസുകൾ കൂടി പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ ഉണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ തെളിവായി നൽകിയത് കോടതി പരിശോധിച്ചിരുന്നു.

പീഡനത്തിന് ഇരയാക്കിയ സ്ത്രീകളുടേത് അടക്കം രണ്ടായിരത്തിലധികം വീഡിയോ ക്ലിപ്പുകൾ ഫോണിൽ പകർത്തി സൂക്ഷിച്ചതിന് സൈബർ നിയമപ്രകാരമുള്ള കേസ് അടക്കം ആണിത്. അശ്ലീല വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ നടന്ന 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ പ്രജ്വൽ പരാജയപ്പെട്ടിരുന്നു. വിവാദങ്ങൾക്കു പിന്നാലെ ജെഡിഎസ് പ്രജ്വലിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിരുന്നു ഇത്. ഈ വാർത്ത പുറത്തുവരുന്നതിന് മുൻപ് തന്നെ നിരവധി സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട് എന്ന തരത്തിലുള്ള വിവരങ്ങൾ അതിന്റെ വീഡിയോ അടക്കം പുറത്തു വന്നിരുന്നു. പക്ഷേ പല തരത്തിലുള്ള ​ഗാ​ഗ് ഓർഡറുകൾ പ്രജ്വൽ രേവണ്ണ പല വാർത്ത മാധ്യമങ്ങൾക്കെതിരെയും നേടിയിരുന്നത് കൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ പലപ്പോഴും വാർത്തയായിരുന്നില്ല.

أحدث أقدم