കാര്‍ഷിക നിയമങ്ങള്‍ ചരിത്രമായി, പിന്‍വലിക്കല്‍ ബില്ലിന് അംഗീകാരം; പാസാക്കിയത് ചര്‍ച്ചയില്ലാതെ





ന്യൂഡല്‍ഹി : വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റ് ചര്‍ച്ചയില്ലാതെ പാസാക്കി. രാവിലെ ലോക്‌സഭ പാസാക്കിയ ബില്‍ രണ്ടു മണിയോടെ രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു. ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ആയിരുന്നു ഇരു സഭയും ബില്‍ പസാക്കിയത്. 

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതോടെ, ഇനി രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്‍ നിലവില്‍ വരും. ഇതോടെ മൂന്നു കാര്‍ഷിക നിയമങ്ങളും അസാധുവാവും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഈ മാസം ആദ്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കര്‍ഷക സംഘടനകള്‍ ഒരു വര്‍ഷത്തോളമായി സമരം തുടരുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു പ്രഖ്യാപനം.

കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ഇരു സഭകളിലും പിന്‍വലിക്കല്‍ ബില്‍ അവതരിപ്പിച്ചത്. മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ഒറ്റ ബില്‍ ആണ് തോമര്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് ബില്‍ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. 


أحدث أقدم