കൊച്ചി : ഹൈക്കോടതിക്ക് സമീപമുള്ള അനധികൃത കട ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ വഴിയോരക്കച്ചവടക്കാരന്റെ ആത്മഹത്യാശ്രമം. ഉച്ചയോടെയാണ് സംഭവം. കത്തിയെടുത്ത് കുത്തിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം.
കൊച്ചി കോര്‍പ്പറേഷന്റെ പരിധിയിലുള്ള അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെര്‍മിറ്റ് ഇല്ലാത്തവര്‍ ഇന്ന് മുതല്‍ കച്ചവടത്തിന് അനുമതിയുണ്ടാകില്ലെന്ന് നഗരസഭയും അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കാനായി പൊലീസ് എത്തിയത്. ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ കത്തിയെടുത്ത് കുത്തിയത്.
'ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇതിന് കാരണം. എനിക്ക് ജീവിക്കണം. ഇത് ഭരണകൂട ഭീകരതയാണ്. ഈ സര്‍ക്കാര്‍ എനിക്ക് പതിനെട്ട് ലക്ഷം രൂപ നല്‍കാനുണ്ട്. താന്‍ ഒരു കോണ്‍ട്രാക്ടറാണ്. സിവില്‍ എഞ്ചിനായിറാണ്. കെഎസ്ഇബിയ്ക്ക് പണിയെടുത്ത വകയില്‍ തനിക്ക് ലക്ഷങ്ങള്‍ കിട്ടാനുണ്ട്. ഗതികെട്ടിട്ടാണ് ഇത്തരത്തില്‍ ഒരു കടയിട്ടത്. ഈ സര്‍ക്കാരാണ് എന്നെ നശിപ്പിച്ചത്. തനിക്ക് കള്ളക്കടത്തോ കഞ്ചാവ് കച്ചവടമോ അറിയില്ല. ഈ കടയൊഴിപ്പിക്കുമ്പോള്‍ നിങ്ങളുട കൈ വിറയ്ക്കും.എനിക്ക് ജീവിക്കണ'-മെന്ന് പറഞ്ഞായിരുന്നു കച്ചവടക്കാരന്റെ ആത്മഹത്യാശ്രമം.
കോവിഡ് കാലത്ത് പ്രതിസന്ധി വന്ന ഘട്ടത്തിലാണ് കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടക്കാരുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനവുണ്ടായത്. അതുകൊണ്ട് തന്നെ നടപടിക്കെതിരെ കച്ചവടക്കാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.