ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന് ഗവർണറോട് പിണറായി




പിണറായി വിജയനും ഭാര്യയും/ ഫയൽ
 

തിരുവനന്തപുരം: ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. കൊച്ചിയിൽ നിന്നും പുലർച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിയെ അനു​ഗമിക്കുന്നുണ്ട്. 

രണ്ടാഴ്ചയോളം മുഖ്യമന്ത്രി അമേരിക്കയിൽ തങ്ങും. ചികിത്സ പൂർത്തിയാക്കി ഈ മാസം 29 നാണ് മുഖ്യമന്ത്രി തിരികെ എത്തുക. മുഖ്യമന്ത്രി അമേരിക്കയില്‍ കഴിയുന്ന സമയത്തെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. അവിടെനിന്ന് ഓണ്‍ലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണ് തീരുമാനം. മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് ഇ ഫയൽ സംവിധാനത്തിലൂടെ ഫയലുകൾ തീർപ്പാക്കിയേക്കും. 

വിദേശത്തേക്ക് പോകുന്നതിന് മുമ്പായി മുഖ്യമന്ത്രി ഇന്നലെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ് സർക്കാരിന്റെ തലവനായ ഗവർണറോട് കാര്യങ്ങൾ വിശദീകരിക്കുന്നതാണ് കീഴ് വഴക്കം. ചികിത്സയ്ക്ക് പോകുന്നത് അടക്കമുള്ള കാര്യങ്ങൾ അറിയിച്ചു. 

ചാൻസലർ പദവി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി വീണ്ടും ​ഗവർണറോട് അഭ്യർത്ഥിച്ചു. വിദേശ യാത്രയ്ക്ക് പോകുന്ന വിവരമറിയിച്ച് ഗവർണർക്ക് നൽകിയ കത്തിലും ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നേരത്തെ മൂന്ന് കത്തുകൾ ഗവർണർക്ക് നൽകിയിരുന്നു.


أحدث أقدم