മദ്യപാന സംഘത്തെ തടയാനെത്തിയ പൊലീസിനെ തടഞ്ഞ് നാട്ടുകാർ

അമ്പലപ്പുഴ : വണ്ടാനം പടിഞ്ഞാറ് മദ്യപസംഘം ബഹളം വയ്ക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ തടഞ്ഞ് വച്ച് പ്രദേശവാസികൾ.
പുന്നപ്ര പൊലീസ് സ്റ്റേഷനിലെ സിഐ പ്രതാപചന്ദ്രനെയും നാല് പൊലീസുകാരെയുമാണ് പ്രദേശവാസികൾ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. ഇന്നലെ രാത്രി 10 ഓടെ ആയിരുന്നു സംഭവം. വണ്ടാനം മാധവ മുക്കിന് പടിഞ്ഞാറ് വിവാഹം നടക്കുന്ന വീടിനു സമീപം ഏതാനും യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പുന്നപ്ര പൊലിസ് പ്രദേശത്ത് എത്തിയത്.
സ്ഥലത്തെ കുരിശടിക്ക് സമീപം ഇരുന്ന രണ്ട് യുവാക്കളെ പൊലീസ് ജിപ്പിൽ കയറ്റുകയും ചെയ്തു. എന്നാൽ, ഇതു കണ്ട സമീപത്തെ വിവാഹ വീട്ടിൽ നിന്ന് സ്ത്രീകൾ അടക്കമുള്ള 50 ഓളം പേരെത്തി പൊലീസ് ജീപ്പ് തടയുകയായിരുന്നു.
യുവാക്കളെ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് കൂടുതൽ ആളുകൾ എത്തിയതോടെ മറ്റു സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വിവരം അറിഞ്ഞ് കൂടുതൽ പൊലീസ് എത്തി. തുടർന്ന് നാട്ടുകാരെ മാറ്റിയ ശേഷം രണ്ടു യുവാക്കളെയും കയറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
സംഘർഷത്തിൽ രണ്ട് ജീപ്പുകളുടെ ചില്ലുകൾ തകർത്തെന്നും മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റെന്നും പുന്നപ്ര പൊലീസ് പറഞ്ഞു. പരിക്കേറ്റ ഹോം ഗാർഡ് പീറ്ററെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷം ഉണ്ടാക്കിയ നാലു പേരെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. പ്രദേശത്ത് സംഘർഷ സാധ്യത നിൽക്കുന്നതായും പൊലീസ് അറിയിച്ചു
أحدث أقدم