പട്ടാപ്പകലും നടുറോഡില്‍ നടക്കാന്‍ പറ്റാത്ത അവസ്ഥ; സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്: പ്രതിപക്ഷ നേതാവ്







തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ല. ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഏത് പട്ടാപ്പകലും നടുറോഡില്‍ വെച്ച് ആരും ആക്രമിക്കപ്പെട്ടേക്കാമെന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിലായി ഒരാളെ കൊന്ന് കാലുവെട്ടിയെടുത്ത് പരസ്യമായി ബൈക്കില്‍പ്പോയി. സംസ്ഥാനത്ത് വ്യാപകമായി ഗുണ്ടാ ആക്രമണം നടക്കുകയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ഒരു നടപടിയും ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്നില്ല. 

യഥാര്‍ത്ഥത്തില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി ജില്ലാ കമ്മിറ്റികളും ഏരിയ കമ്മിറ്റികളുമാണ്. തങ്ങള്‍ നിരന്തമായി ആരോപിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞാണ് മുഖ്യമന്ത്രി രക്ഷപ്പെടുന്നത്. കേരളത്തിന്റെ ജനങ്ങളുടെ സുരക്ഷിതത്വ ബോധം തന്നെ നശിപ്പിച്ചു- പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പൊലീസിന് എതിരെ ഷാന്‍ ബാബുവിന്റെ അമ്മ

കോട്ടയത്ത് പത്തൊന്‍പതുകാരനെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍, മകനെ ജോമോന്‍ കെ ജോസ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി ഷാന്‍ ബാബുവിന്റെ അമ്മ. പുലര്‍ച്ചെ ഒന്നര മണിക്ക് പരാതി നല്‍കാനായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. ഷാന് ഒന്നും സംഭവിക്കില്ലെന്നും രാവിലെ തിരികെയെത്തിക്കുമെന്നും പൊലീസ് പറഞ്ഞതായി ഷാന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

'ഒന്നും സംഭവിക്കില്ല, നോക്കിക്കോളാം, നേരം വെളുക്കുമ്പോള്‍ കൊണ്ടുതരുമെന്ന് പൊലീസ് പറഞ്ഞതാണ്. ഈ സര്‍ക്കാര്‍ ഇവരെയക്കെ എന്തിനാണ് വെറുതേ വിടുന്നത്... എന്നോട് എന്തിനാണ് ഇത് ചെയ്തത്... ഞങ്ങള്‍ ആരോടും ഒരു ദ്രോഹവും ചെയ്തില്ലല്ലോ...' ഷാന്‍ ബാബുവിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

أحدث أقدم