ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് ഇനിയെന്തിന് ഭയം?, മാധ്യമങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇഡിയോടും പറയും: സ്വപ്ന തിരുവനന്തപുരം : ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മാധ്യമങ്ങളില്‍ നടത്തിയ
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സ്വപ്‌നയ്ക്ക് സമന്‍സ് അയച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വപ്ന. 

മാധ്യമങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇഡിയോടും പറയും. എന്താണോ അന്വേഷണ ഏജന്‍സി ചോദിക്കുന്നത്, അതിന് സത്യസന്ധമായ മറുപടി നല്‍കും. സമന്‍സ് അയച്ചെന്ന് മാധ്യമങ്ങള്‍ പറഞ്ഞാണ് അറിഞ്ഞത്. ഇ മെയിലിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ലഭിച്ചിട്ടില്ല. 

ശിവശങ്കറിനെ കുറിച്ചും, അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചും സംസാരിക്കാനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. ഇഡി ഇപ്പോള്‍ വിളിച്ചിരിക്കുന്നത് പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് ചോദിക്കാനാണോ പഴയ കേസിനെ കുറിച്ച് അന്വേഷിക്കാനാണോ എന്നറിയില്ല. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് അക്കാര്യങ്ങള്‍ വ്യക്തമാക്കാം. 

തനിക്ക് പറയാനുള്ളത് ശിവശങ്കറിനെക്കുറിച്ചും തെറ്റായ ആരോപണങ്ങളെക്കുറിച്ചുമാണ്. ജയിലില്‍ കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ വഴിയാണ് ശിവശങ്കറാണ് എന്‍ഐഎയെ കേസിലേക്ക് കൊണ്ടുവന്നത് എന്ന് അറിഞ്ഞത്. അക്കാര്യമാണ് താന്‍ മാധ്യമങ്ങളില്‍ പറഞ്ഞത്. 

ആത്മഹത്യ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് ഇനിയെന്തിന് ഭയം. ഒന്നുങ്കില്‍ മരണം, അല്ലെങ്കില്‍ ജയില്‍. അതുകൊണ്ട് പേടിക്കുന്നില്ല. ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാനാല്ല മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. സത്യത്തെ കുറിച്ച് സംസാരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്. ശിവശങ്കറിനെക്കുറിച്ചും പുസ്തകത്തെ കുറിച്ചുമാണ് സംസാരിച്ചത്. അല്ലാതെ സര്‍ക്കാരിനെ കുറിച്ചല്ല. സര്‍ക്കാരും ആളുകളും എന്തുപറഞ്ഞാലും തന്നെ ബാധിക്കില്ലെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

Previous Post Next Post