പെട്രോൾ ബോംബുകൾ നിർമ്മിച്ച് റഷ്യൻ ടാങ്കുകൾക്കു നേരെ പ്രയോഗിക്കാൻ ജനങ്ങളോട് യുക്രൈൻ


കീവ് / പെട്രോൾ ബോംബുകൾ നിർമ്മിച്ച് റഷ്യൻ ടാങ്കുകൾക്കു നേരെ പ്രയോഗിക്കാൻ യുക്രൈൻ ജനതയോട് യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആഹ്വാനം. ശത്രുവിനെ നേരിടാൻ മോളട്ടോവ് കോക്ടെയ്ൽ (പെട്രോൾ ബോംബ്) നിർമ്മിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് യുക്രൈൻ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പെട്രോൾ ബോംബ് നിർമ്മിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
യുക്രൈനിൽ റഷ്യ സൈനിക നടപടി ആരംഭിച്ചപ്പോൾ തന്നെ പ്രതിരോധിക്കാൻ തയ്യാറായി വന്ന സാധാരണ ജനങ്ങൾക്ക് ആയുധം നൽകുമെന്ന് പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി നേരത്തെ അറിയിച്ചിരുന്നു. സർക്കാർ തന്നെ ജനങ്ങളോട് പെട്രോൾ ബോംബ് നിർമ്മിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ അതുണ്ടാക്കേണ്ടത് എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു വരുന്നു. ജനങ്ങൾക്ക് താരതമ്യേന വേഗത്തിലും എളുപ്പത്തിലും നിർമ്മിക്കാൻ കഴിയുന്ന പെട്രോൾ ബോംബുകളാണ് മോളട്ടോവ് കോക്ടെയ്ൽ എന്നതാണ് ശ്രദ്ധേയം.

സർക്കാരിന്‍റെ ആഹ്വാനത്തിന് പിന്നാലെ പെട്രോൾ ബോംബുകൾ നിർമ്മിച്ച് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്‍ലാവ് മൊളട്ടോവിന്‍റെ പേരിലാണ് ഈ പെട്രോൾ ബോംബ് അറിയപ്പെടുന്നത്. നേരത്തെ രാജ്യത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഞങ്ങൾ ആയുധം നൽകുമെന്നായിരുന്നു യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ സാധാരണക്കാർ ആയുധവുമായി പോരാടുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയുണ്ടായി.
Previous Post Next Post