പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം ; കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്സോ കേസ്








തൃശ്ശൂർ : പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാ​ഗം താത്കാലിക അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകനായ അഭിജോഷിനെതിരെയാണ് കേസെടുത്തത്. മാര്‍ച്ച്‌ 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സ്റ്റുഡൻസ് യൂണിയൻ്റെ വാര്‍ഷികാഘോഷവേളയിലാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും ഹോസ്റ്റല്‍ വാര്‍ഡനും അഭിജോഷിനെ തടഞ്ഞുവെച്ചു. പിന്നീട് വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥിനിയോട് മാപ്പപേക്ഷ നടത്തി അധ്യാപകനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ആരോപണമുണ്ട്.

ഈ മാസം രണ്ടിന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഇരയായ വിദ്യാര്‍ത്ഥിനി വസ്തുതകള്‍ വെളിപ്പെടുത്തി. പിന്നാലെയാണ് അഭിജോഷിനെതിരെ പൊലീസ് കേസെടുത്തത്.

അധ്യാപകനെതിരെയും വൈസ് ചാന്‍സലര്‍ക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്, ആര്‍എസ്പി സംഘടനകള്‍ കലാമണ്ഡലത്തിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. എസ്‌എഫ്‌ഐ കലാമണ്ഡലം യൂണിറ്റും പ്രതിഷേധിച്ചു.


Previous Post Next Post