യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തി നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള 'പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏകോപിപ്പിക്കും. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് എന്ത് ബുദ്ധിമുട്ടും സഹിക്കാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന 'സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടിയാണ് സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇടപെടുന്നത്. മുന്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍– സര്‍ക്കാരേതര സംഘടനങ്ങള്‍,
രാജ്യാന്തര ഏജന്‍സികള്‍ തുടങ്ങിയവരുള്‍പ്പെടെ സേവ് നിമിഷപ്രിയ ആക്ഷണ്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കുമെന്ന് ആക്ഷണ്‍ കൗണ്‍സില്‍ അറിയിച്ചു. നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി, മകള്‍ മിഷേല്‍ തുടങ്ങിയവരടങ്ങിയ സംഘം യെമനിലെത്തി കൊല്ലപ്പെട്ട തലാല്‍ അഹ്മദിന്‍റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കും. നിമിഷ പ്രിയയുടെ വധശിക്ഷ നേരത്തെ അപ്പീല്‍ കോടതി ശരിവച്ചിരുന്നു. അപ്പീല്‍ കോടതി വിധിക്കെതിരെ യെമന്‍ സുപ്രീംകോടതിയെ സമീപിക്കാമെങ്കിലും അംഗീകരിക്കപ്പെടാനുള്ള സാധ്യത വിരളമാണ്. അതിനാല്‍, ഇരയുടെ കുടുംബത്തിന് ദയാധനം നല്‍കി മോചിപ്പിക്കുക മാത്രമാണ് വഴി. ഇതിനുള്ള ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.