ചെന്നൈ: ടൈം ടേബിളുണ്ടാക്കി ഷെഡ്യൂളിട്ട് രാജ്യം മുഴുവൻ സഞ്ചരിച്ചു മോഷണം നടത്തിയ യുവതി പിടിയിൽ. മുംബൈ സ്വദേശിനി ആരതിദേവ് നാനി ഭഗവൻദാസാണു ചെന്നൈയിൽ അറസ്റ്റിലായത്.
ഒരിടത്തു മോഷണം നടത്തിയാൽ നിശ്ചിത സമയത്തിനുശേഷം വീണ്ടും മോഷണം നടത്തുന്നതാണ് ആരതിയുടെ മോഷണരീതിയെന്ന് പൊലീസ് പറഞ്ഞു. ഒരിടത്തു മോഷണം നടത്തിയാൽ ഉടൻ മറ്റൊരു സംസ്ഥാനത്തേക്കു രക്ഷപ്പെടുന്നതാണു പതിവ്. കഴിഞ്ഞ വർഷം കിൽപ്പോക് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിന്നു രണ്ടേകാൽ പവൻ സ്വർണം മോഷണം പോയിരുന്നു. സമാന രീതിയിൽ ഈ വർഷം മോഷണത്തിന് എത്തിയതായിരുന്നു യുവതി. വിദ്യാർഥികളുടെ സഹായത്തോടെയാണ് ആരതിയെ പൊലീസ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളിൽ ഹോസ്റ്റലിനു സമീപം ഒരു സ്ത്രീയെ സംശയാസ്പദമായി കണ്ടെത്തിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു. വ്യാഴാഴ്ച എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിൽ മോഷണം നടത്താനെത്തിയപ്പോൾ ആരതിയെ മെഡിക്കൽ വിദ്യാർഥിനികൾ തിരിച്ചറിഞ്ഞ് തടഞ്ഞുവച്ചു. പിന്നീടിവരെ കിൽപ്പോക്ക് പൊലീസിനു കൈമാറി.