മനുഷ്യക്കടത്ത് മാഫിയ; ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന 121 പേർ ഇന്റർപോൾ പിടിയിൽ


ദുബായ്: അവയവ–മനുഷ്യക്കടത്ത് മാഫിയ സംഘത്തെ ഇന്റർപോൾ അറസ്റ്റ് ചെയ്തു. ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന 121 പേർ ആണ് അറസ്റ്റിലായിരിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. മനുഷ്യക്കടത്തിന് ഇരകളായ 85 പേരെ മോചിപ്പിച്ചു. കൂടാതെ സംശയകരമായ സാഹചര്യത്തിലായിരുന്ന 3400 പേരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവയവകടത്ത് സംഘം ഇന്തൊനീഷ്യൻ പൗരന്മാരെ വലയിലാക്കി തുർക്കി കേന്ദ്രീകരിച്ചാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും ഇന്റർപോൾ അറിയിച്ചു. ഓപ്പറേഷൻ സ്റ്റോം എന്ന പേരിൽ ആണ് ഇന്റർ പോൾ പരിശോധനകൾ നടത്തിയത്. ഇതിന്റെ ശേഷമാണ് വ്യാപകമായ അറസ്റ്റ് നടന്നത്. വിയറ്റ്നാമിലെ ഹാനോയ്, യുഎഇയിലെ അബുദാബി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്റർപോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. യുഎഇയിലെ വിമാനത്താവളങ്ങളിലെ സ്മാർട് ഗേറ്റുമായി ബന്ധിപ്പിച്ച് ഇന്റർപോളിന്റെ ഡേറ്റാ ബേസ് വിരങ്ങൾ പരിശോധിച്ചാണ്

വ്യാജ രേഖകളും പാസ്പോർട്ടുകളും മറ്റും കണ്ടെത്തിയത്. രാജ്യാന്തര തലത്തിൽ തന്നെ ഇത്തരത്തിൽ ഒന്നരക്കോടി പരിശോധനകൾ ആണ് ഇന്റർപോൾ നടത്തിയത്. അഫ്ഗാൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് ഗ്രീസിലെ തെസലോനിക്കയിലേക്ക് നടത്തിയ മനുഷ്യക്കടത്ത് തടയാനും ഇന്റർ പോളിന് സാധിച്ചിട്ടുണ്ട്. കൂടാതെ വിയറ്റ്നാമിൽ നിന്ന് ജർമനിയിലേക്ക് കടത്തിയ മനുഷ്യക്കടത്ത് സംഘത്തെയും പിടിക്കൂടി. തായ്‌ലൻഡിൽ നിന്ന് വേശ്യാവൃത്തിക്ക് മാലദ്വീപുകളിൽ കൊണ്ടു വന്ന സ്ത്രീകളെയും രക്ഷപ്പെടുത്താൻ ഇന്റർപോളിന് സാധിച്ചു. രക്ഷപ്പെടുത്തിയ സ്ത്രീകളെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു. ഇന്റർപോൾ സെക്രട്ടറി ജനറൽ യൂർഗൻ സ്റ്റോക്ക് ആണ് ഇക്കാര്യം അറിയിച്ചത്.
Previous Post Next Post